മുണ്ടക്കയം: ഭക്ഷണവും ചികിത്സയും നൽകാതെ വീട്ടിൽപൂട്ടിയിട്ട പിതാവ് മരിച്ച സംഭവത്തിൽ മകനെ പൊലിസ് അറസ്റ്റ് ചെയ്തു.
മുണ്ടക്കയം വണ്ടംപതാൽ അസംബനിയിൽ തൊടിയിൽ പൊടിയൻ (80) മരിച്ച സംഭവത്തിൽ മകൻ റെജിയെ ആണ് മുണ്ടക്കയം അറസ്റ്റ് ചെയ്‌തത്. ഇന്ത്യൻ ശിക്ഷാ നിയമം 304 പ്രകാരം മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് റെജിക്കെതിരേ കേസെടുത്തു്.
മതിയായ ഭക്ഷണം ലഭിക്കാതെ ആരോഗ്യ സ്ഥിതി മോശമായാണ് പൊടിയൻ മരിച്ചതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് റെജിയെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തത്. മാനസികനില തെറ്റിയ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊടിയൻ്റെ ഭാര്യ അമ്മിണി ചികിത്സയിലാണ്.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. വാർധക്യസഹജമായ അവശതയും പൊടിയൻ്റെ മരണകാരണമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മാസങ്ങളായി മതിയായ ഭക്ഷണം ലഭിക്കാതിരുന്നതിനാൽ ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പട്ടിണികിടന്നതാണോ മരണ കാരണം എന്ന് ഉറപ്പിക്കുന്നതിനായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്‌ക്ക് അയക്കും. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണം സംബന്ധിച്ചു കൂടുതൽ വ്യക്തത വരൂ.