പറവൂര്‍ പുത്തന്‍വേലിക്കരയില്‍ അറുപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് വധശിക്ഷ. പുത്തന്‍വേലിക്കര പാലാട്ടി സ്വദേശി മോളിയെ കൊലപ്പെടുത്തിയ കേസില്‍ അസം സ്വദേശി പരിമള്‍ സാഹുവിനെ ആണ് വധശിക്ഷയ്ക്ക് വിധിച്ചത്. 2018 മാര്‍ച്ച് പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
പുത്തന്‍വേലിക്കരയില്‍ മോളിയുടെ വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പരിമള്‍ സാഹുവിനെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവദിവസം രാത്രി ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പരിമള്‍ സാഹു മോളിയെ തലയ്ക്ക് അടിച്ചു പരിക്കേല്‍പിച്ചു. തുടര്‍ന്ന് കിടപ്പുമുറിയിലേക്ക് വലിച്ചഴച്ചുകൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മോളിയുടെ ഭിന്നശേഷിക്കാരനായ മകന്‍റെ കണ്‍മുന്നിലായിരുന്നു പീഡനവും കൊലപാതകവും. കൊലപാതകം നടത്തിയത് മകനാണെന്ന് വരുത്തിത്തീര്‍ക്കാനും പരിമള്‍ സാഹു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പറവൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി പരിമള്‍ സാഹുവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും, തെളിവ് നശിപ്പിച്ചതിന് മൂന്നു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലായി നാലു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ, മോളിയുടെ മകന്‍റ സംരക്ഷണച്ചുമതല നിര്‍വഹിക്കുന്ന വ്യക്തിക്ക് പിഴത്തുകയില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു