തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ ‘ഓൺ കോൾ’ ഡ്യൂട്ടി സംവിധാനം ഉപയോഗപ്പെടുത്തുന്നില്ലെന്ന് പരാതി. ഉച്ചയ്ക്കുശേഷം സ്പെഷ്യൽറ്റി ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല. ഒന്നിലേറെ സ്പെഷ്യൽറ്റി ഡോക്ടർമാരുണ്ടെങ്കിൽ ഓൺ കോൾ സംവിധാനത്തിലൂടെ ഇവരുടെ സേവനം ഉപയോഗപ്പെടുത്താൻ ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്. സാധാരണ ഉച്ചവരെയാണ് ഒപിയുള്ളത്. ഇതിനുശേഷം അടിയന്തര ചികിത്സ വേണ്ടിവരുന്ന രോഗികൾക്ക്, ആവശ്യമെങ്കിൽ ഓൺ കോളിലൂടെ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
ഡ്യൂട്ടി ഡോക്ടർ സ്പെഷ്യൽറ്റി ഡോക്ടറെ വിവരങ്ങൾ ഫോണിലൂടെ അറിയിക്കുകയും മതിയായ ചികിത്സ നിർദേശങ്ങൾ ഡോക്ടറിൽ നിന്ന് സ്വീകരിക്കുകയും ചെയ്യുന്നതാണ് ഓൺ കോൾ ഡ്യൂട്ടി. അടുത്ത ദിവസം രാവിലെ വരെയുള്ള ചികിത്സാ നിർദേശങ്ങൾ ഡ്യൂട്ടി ഡോക്ടർക്ക് സ്പെഷ്യൽറ്റി ഡോക്ടർ ഫോണിലൂടെ നൽകണം. അത്യാവശ്യ ഘട്ടത്തിൽ ഡോക്ടർ ആശുപത്രിയിലെത്തുകയും വേണം. എന്നാൽ താലൂക്ക് ആശുപത്രിയിൽ ഏറെക്കാലമായി ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ടായിരുന്നു.
താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിയിൽ 4, കുട്ടികളുടെ വിഭാഗത്തിൽ 3, ഓർത്തോ വിഭാഗത്തിൽ അസി.സർജൻ ഉൾപ്പെടെ 3 ഡോക്ടർമാരുണ്ട്. ഉച്ചയ്ക്ക് ശേഷം ആശുപത്രിയിൽ വരുന്നവർക്ക് സ്പെഷ്യൽറ്റി ഡോക്ടർമാരുടെ സേവനം ലഭിക്കാറില്ല. വാഹനാപകടങ്ങളിലും മറ്റുമായി ചെറിയ പരുക്കേറ്റവരെ പോലും റഫർ ചെയ്യുകയാണ് പതിവ്. കെ.പി.എ.മജീദ് എംഎൽഎ ആയ ഉടനെ ആശുപത്രിയിൽ നടത്തിയ യോഗത്തിൽ ഓൺ കോൾ ഡ്യൂട്ടി ആരംഭിക്കണമെന്ന് നിർദേശം നൽകിയിരുന്നു.
ഇതെത്തുടർന്ന് സംവിധാനം ആരംഭിച്ചിരുന്നെങ്കിലും വീണ്ടും പഴയ രീതിയിലായി. ഇന്നലെ പ്രസവ ചികിത്സയ്ക്ക് വൈകിട്ടോടെ എത്തിയ പൂർണഗർഭിണിയെ ഡോക്ടർ ഉണ്ടാകില്ലെന്ന് പറഞ്ഞു റഫർ ചെയ്തു.അത്യാവശ്യം വന്നാൽ ഗൈനക്കോളജി ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടോ നേരിട്ടോ ചികിത്സ ലഭ്യമാക്കുന്നതിന് പകരം റഫർ ചെയ്യുകയായിരുന്നു. ഇത്തരത്തിൽ നിരവധി പരാതികളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം പോക്സോ കേസിലെ ഇരയെ വൈദ്യപരിശോധന നടത്താൻ ഗൈനക്കോളജി ഡോക്ടർ വരാതിരുന്നതും വിവാദമായി.