വാളയാറിലെ സഹോദരങ്ങളുടെ മരണത്തില്‍ സിബിഐ ഡമ്മി പരിശോധന നടത്തി.കുട്ടികള്‍ തൂങ്ങിയ മുറിയില്‍ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കി. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കാണ് ഡമ്മി പരീക്ഷണം.
ഡമ്മി പരീക്ഷണത്തിന് കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന തെളിവുകള്‍ തൊണ്ടിമുതല്‍ ഉള്‍പ്പടെ നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. വസ്ത്രങ്ങള്‍, കുരുക്കിട്ട ഷാള്‍ തുടങ്ങിയവയാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ പോക്‌സോ കോടതി അത് അനുവദിച്ചിരുന്നില്ല. മരണമാണോ, കൊലപാതകമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡമ്മി പരിശോധന.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേവീട്ടില്‍ അനുജത്തി 9 വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒന്‍പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് മരണത്തില്‍ സംശയം ബലപ്പെടുന്നത്. ഇക്കൊല്ലം ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു.