കേരളത്തില്‍ വാക്സീന്‍ എടുത്തവരിലും കോവിഡ് മുക്തരായവരിലും വീണ്ടും കോവിഡ് ബാധയ്ക്കിടയാക്കുന്നതു തീവ്രവ്യാപന സ്വഭാവമുള്ള വൈറസിന്റെ ഡെല്‍റ്റ വകഭേദമെന്ന് (ബി.1.617.2) പഠനം.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്നിവിടങ്ങളില്‍ നടത്തിയ വൈറസിന്റെ ജനിതകഘടനാ പഠനത്തിലാണു നിര്‍ണായകമായ കണ്ടെത്തല്‍.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ച സാംപിളുകളില്‍ 95 ശതമാനത്തിനു മുകളിലും രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാംപിളുകളില്‍ 93 ശതമാനവും ഡെല്‍റ്റ വകഭേദമാണ്.
വാക്സീന്‍ വഴിയും രോഗപ്രതിരോധം വഴിയും ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികളെ ഡെല്‍റ്റ വൈറസ് മറികടക്കുന്നുവെന്നു വ്യക്തമായതോടെ മൂന്നാം തരംഗത്തില്‍ കേരളം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
കേരളത്തില്‍ കഴിഞ്ഞ 2 മാസങ്ങളില്‍ ഡെല്‍റ്റ മൂലം കോവിഡ് ബാധിച്ചവര്‍ക്കു വീണ്ടും കോവിഡ് ബാധയുണ്ടാകുന്നുണ്ടോ എന്നും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഡെല്‍റ്റയ്ക്കു വീണ്ടും ജനിതകമാറ്റം സംഭവിക്കുന്നുണ്ടോ എന്നു തിരിച്ചറിയാനാണിത്.