കോവിഡ് 19 രോഗബാധ വർധിച്ച തോതിൽ തുടരുന്ന എട്ട് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും വാക്സിനേഷൻ വേഗത്തിലാക്കാനും നിർദേശിച്ച് കേന്ദ്രസർക്കാർ.
രോഗബാധ നിയന്ത്രണ വിധേയമാക്കുന്നതിന് ‘ടെസ്റ്റ്-ട്രാക്ക്- ട്രീറ്റ്’എന്ന സമീപനം ശക്തമായി പിൻതുടരാൻ സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു.
ഹരിയാണ, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗോവ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതലായുള്ളത്. ഈ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, നീതി ആയോഗ് അംഗം ഡോ. വിനോദ് പോൾ എന്നിവർ ആശയവിനിമയം നടത്തി.
കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ മുൻഗണനാ വിഭാഗങ്ങൾക്ക് വാക്സിനേഷൻ തോത് വർധിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരം ഇടങ്ങളിൽ പരമാവധി ഡോസ് വാക്സിൻ നൽകണം. ആർടി-പിസിആർ പരിശോധനകൾ ജില്ലാ അടിസ്ഥാനത്തിൽ വർധിപ്പിക്കണം. നിരീക്ഷണം ശക്തിപ്പെടുത്തുകയും കണ്ടെയ്ൻമെന്റ് ഏർപ്പെടുത്തുകയും ചെയ്യണം.
കോവിഡ് പരിശോധനയുടെ കാര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കുറവ് കാണപ്പെടുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ഇത് മറ്റു സംസ്ഥാനങ്ങൾക്കുകൂടി ഭീഷണിയുയർത്തുമെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.