വളാഞ്ചേരി: നഗരത്തിൽ ഗതാഗത പരിഷ്കരണം ഇന്നുമുതൽ നടപ്പാക്കുമെന്ന് പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷ് അറിയിച്ചു. കഴിഞ്ഞ ദിവസം നഗരസഭാ ഓഫിസിൽ നടന്ന സർവകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങളാണ് ഇന്നുമുതൽ പ്രാബല്യത്തിൽ വരിക. സെൻട്രൽ ജംക്‌ഷൻ മുതൽ നൂറുമീറ്റർ ചുറ്റളവിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനു കർശന നിരോധനമുണ്ട്. കുറ്റിപ്പുറം റോഡിൽ പെട്രോൾ പമ്പ് വരെയും, വലിയകുന്ന് റോഡിൽ ബസ് കാത്തിരിപ്പുകേന്ദ്രം വരെയും നോ പാർക്കിങ് മേഖലയാണ്.
പെരിന്തൽമണ്ണ റോഡിൽ ബസ് സ്റ്റാൻഡിന് അകത്തേക്കുള്ള കവാടം വരെ വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കില്ല. കോഴിക്കോട് റോഡിൽ പുതിയ കാത്തിരിപ്പുകേന്ദ്രംവരെ നിലവിലുള്ള ഓട്ടോ പാർക്കിങ് നിലനിർത്തും. മറ്റു വാഹനങ്ങൾ പാതയോരത്ത് നിർത്തിയിട്ടു പോയാൽ പിഴവീഴും. പേപാർക്കിങ് സംവിധാനം സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നുണ്ട്. പ്രധാന കേന്ദ്രങ്ങളിലെല്ലാം നോ പാർക്കിങ് ബോർഡുകളും സ്ഥാപിക്കും. വരുംദിവസങ്ങളിൽ നഗരത്തിൽ പൊലീസിന്റെ കർശന പരിശോധനയുണ്ടാകുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു