വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ തിങ്കാളാഴ്ച ഹര്‍ത്താലിന് ആഹ്വനം ചെയ്ത് യുഡിഎഫ്.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമാക്കി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. സങ്കേതത്തോടു ചേർന്നുള്ള 99.5 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് എക്കോ സെൻസിറ്റീവ് സോണായി (ഇഎസ്ഇസഡ്) കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിക്കുന്നത്.
വയനാട് ജില്ലയിലെ തിരുനെല്ലി, ത്രിശിലേരി, പുൽപ്പള്ളി, ഇരുളം, കിടങ്ങനാട്, നൂൽപ്പുഴ എന്നി വില്ലേജുകൾ ഇഎസ്ഇസഡിന്റെ പരിധിയിൽ വരും. ഈ മേഖലയിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കരട് വിജ്ഞാപനത്തിൽ നടപടിയെടുത്തിട്ടില്ല. അതേസമയം, കരട് വിജ്ഞാപനം സംബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ 60 ദിവസത്തെ സമയം കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്.