കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് സമസ്ത ഒരു സമര പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടി മരവിപ്പിച്ചുകഴിഞ്ഞു. മുസ്ലിം ലീഗിനോട് അകല്‍ച്ചയില്ലെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
വഖഫ് നിയമനത്തില്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സമസ്ത നേതാക്കള്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗം ആരംഭിച്ചു. ചേളാരിയിലാണ് ഏകോപന സമിതിയോഗം നടക്കുന്നത്. നിയമനം തൽക്കാലം പി എസ് സിക്ക് വിടില്ലെന്ന നിലപാട് ഭാഗിക വിജയമെന്നാണ് സമസ്ത വിലയിരുത്തല്‍.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് കഴിഞ്ഞദിവസം ഉറപ്പ് നല്‍കിയിരുന്നു. നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ട നടപടി റദ്ദാക്കാന്‍ സമസ്ത ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നടപടി പിന്‍വലിക്കണമെന്ന് തന്നെയാണ് നിലപാടെന്നും വിഷയത്തില്‍ സമരം തുടരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും സമസ്ത വ്യക്തമാക്കിയിരുന്നു