ലോകയുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ.ടി.ജലീൽ ഇപ്പോൾ രാജിവെക്കേണ്ടതില്ലെന്ന് നിയമമന്ത്രി എ.കെ.ബാലൻ.
ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ നിയമിക്കാൻ പാടില്ലെന്ന് എവിടേയും പറയുന്നില്ലെന്നും ബാലൻ പറഞ്ഞു. ജലീലിനെതിരായ ലോകയുക്ത റിപ്പോർട്ടിന് ശേഷം ആദ്യമായിട്ടാണ് സർക്കാർ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.
ഏതെങ്കിലും ഒരു കീഴ്ക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അപ്പോൾ തന്നെ രാജിവെക്കുന്ന സാഹചര്യം കേരളത്തിലില്ല. ഒക്ടോബറിലാണ് ജലീലിന്റെ ഒരു ബന്ധുവായ കെ.ടി.അദീബിനെ നിയമിക്കുന്നത്. നിയമിച്ചത് ഡെപ്യൂട്ടേഷനിലാണ്. ബന്ധു നിയമപരമായി അർഹനാണോ എന്നുള്ളതേ നമ്മൾ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷനിൽ ബന്ധു പറ്റില്ല എന്ന് നിയമത്തിൽ എവിടേയും പറയുന്നില്ല. അങ്ങനെ ആണെങ്കിൽ ഒരു സ്ഥലത്തും ബന്ധുക്കളെ നിയമിക്കാൻ പറ്റില്ലെന്ന് സ്ഥിതിയിലേക്ക് എത്തേണ്ടി വരും. ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ വെച്ചു എന്നുള്ളതാണെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അങ്ങനെയാണെങ്കിൽ മഞ്ഞളാംകുഴി അലിയും അന്തരിച്ച കെ.എം.മാണിയും പോസ്റ്റുകളിൽ ആളെ ഡെപ്യൂട്ടേഷനിൽ വച്ചിട്ടുണ്ട്.
അദീബ് അർഹനാണോ അല്ലയോ എന്നത് ഹൈക്കോടതിയേയും ഗവർണറേയും ജലീൽ നേരത്തെ ബോധ്യപ്പെടുത്തിയതാണ്. ഇപ്പോൾ പുറത്തുവന്ന ലോകയുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജലീൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ബാലൻ വ്യക്തമാക്കി.