കോവിഡിനെ തുടര്‍ന്ന് സംസ്ഥാനം ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തില്‍ റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 15ന് ആരംഭിച്ചേക്കും. ആദ്യഘട്ടത്തില്‍ മഞ്ഞ (അന്ത്യോദയ അന്നയോജന) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണു കിറ്റ് നല്‍കുക. 10 ഇനങ്ങളാകും കിറ്റില്‍ ഉണ്ടാകുക. 86 ലക്ഷം ഭക്ഷ്യകിറ്റുകള്‍ സപ്ലൈകോ തയാറാക്കിവരുന്നു.
എല്‍ ഡിഎഫിന് തുടര്‍ഭരണം ലഭിച്ച ശേഷം വിതരണം ചെയ്യുന്ന ആദ്യ കിറ്റാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, 2020 ലെ ലോക്ക്ഡൗണ്‍ കാലം മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ 9 കിറ്റുകളാണ് നല്‍കിയത്. ഏപ്രിലിലെ കിറ്റ് വിതരണം ഇപ്പോഴും തുടരുകയാണ്.
അസംഘടിത മേഖലയിലുള്ളവരും സ്ഥിരം തൊഴില്‍ ഇല്ലാത്തവരും കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായതിനാല്‍ കിറ്റ് ഉടനടി നല്കാന് സപ്ലൈകോയ്ക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് നിര്‍ദേശം നല്കി.