റവ. ഡോ. ജോസഫ് മണക്കളത്തിനും റവ. ഫാ. ജോസഫ് ആലുങ്കലിനും യാത്ര അയപ്പ് കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയേയും സീറോ മലബാര്‍ കത്തോലിക്കാ സഭയേയും കോട്ടയത്തെ ശ്രദ്ധേയ സാന്നിദ്ധ്യമാക്കുന്നതിന് നേതൃത്വം നല്‍കിയ വൈദീകരായ റവ. ഡോ. ജോസഫ് മണക്കളവും റവ. ഫാ. ജോസഫ് ആലുങ്കലും (ഷാജിയച്ചന്‍) ലൂര്‍ദ്ദ് ഫൊറോന പള്ളിയുടെ പടിയിറങ്ങുന്നു. കഴിഞ്ഞ 14 വര്‍ഷത്തോളം ലൂര്‍ദ്ദ് ഇടവകയില്‍ വികാരിയെന്ന നിലയിലും അസിസ്റ്റന്റ് വികാരിയെന്ന നിലയിലും ശിശ്രൂഷ ചെയ്ത ഇരുവരും 14-ന് ഞായറാഴ്ച രാവിലെ 7.30-ന് ലൂര്‍ദ്ദ് പള്ളിയില്‍ കൃതജ്ഞത ബലി അര്‍പ്പിക്കും. ഇടവകയിലെ 1200 കുടുംബങ്ങള്‍ക്കായി ബലിയുടെ തത്സമയ സംപ്രേഷണവും ഉണ്ടാകും. കോവിഡ് സാഹചര്യത്തിൽ യാത്ര അയപ്പ് സമ്മേളനം ഒഴിവാക്കുകയായിരുന്നു. വികാരി റവ. ഡോ. ജോസഫ് മണക്കളത്തെ 2007-ലും അസി. വികാരി റവ. ഫാ. ജോസഫ് ആലുങ്കലിനെ 2008-ലുമാണ് ലൂര്‍ദ്ദ് ഇടവകയെ നയിക്കാന്‍ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നിയോഗിക്കുന്നത്. ഇവരുടെയും സമര്‍ത്ഥമായ നേതൃത്വത്തിലൂടെ ഇടവകയ്ക്ക് ബഹുമുഖമായ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. പുതിയ ദേവാലയ നിര്‍മ്മാണത്തിന് 2011-ല്‍ തറക്കല്ലിട്ട ശേഷം ഒന്‍പത് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായി വിപുലമായ സൗകര്യങ്ങളോടുകൂടി അതിമനോഹരമായ ദേവാലയം പണി തീര്‍ത്ത് 2019 നവംബര്‍ 23-ന് കൂദാശ ചെയ്തു. ദേവാലയ നിര്‍മ്മാണത്തിന് മുമ്പായി പുതിയ വൈദീക സമുച്ചയത്തിന്റെയും ഗ്രോട്ടോയുടേയും നിര്‍മ്മാണവും പൂര്‍ത്തിയായിരുന്നു. ഇക്കാലത്ത് ഇടവകയ്ക്കുവേണ്ടി കൂടുതല്‍ സ്ഥലം സമ്പാദിക്കാനും കഴിഞ്ഞപ്പോള്‍ തന്നെ ഭവനരഹിതരായ നിരവധി കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നല്‍കുന്നതിന് ഇടവകയ്ക്ക് സാധിച്ചു. ഇടവകയ്ക്ക് കീഴിലുള്ള ലൂര്‍ദ്ദ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജിന്റെ വികസനം ഉണ്ടായതും രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നതും ഈ വൈദീകരുടെ കാലഘട്ടത്തിലാണ്. സ്‌കൂളിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്നത് റവ. ഡോ. ജോസഫ് മണക്കളമാണ്. കോട്ടയം എക്യുമെനിക്കല്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കോട്ടയത്തെ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തിനും ഐക്യത്തിനും നേതൃത്വം നല്‍കിയ റവ. ഡോ. ജോസഫ് മണക്കളം കോട്ടയം കാത്തലിക്ക് മൂവ്‌മെന്റിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു റവ. ഡോ. ജോസഫ് മണക്കളം കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരിയില്‍ സ്പിരിച്ച്വല്‍ ഫാദറായും റവ. ഫാ. ജോസഫ് ആലുങ്കല്‍ തെള്ളകം സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക വികാരിയായും ഫെബ്രുവരി 16-ന് ചുമതലയേല്‍ക്കും. ലൂര്‍ദ്ദില്‍ രണ്ടു വര്‍ഷമായി അസി. വികാരിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന റവ. ഫാ. സച്ചിന്‍ പടിഞ്ഞാറെകടുപ്പിലിനും മാറ്റമുണ്ട്. ഇത്തിത്താനം സെന്റ് മേരീസ് ചര്‍ച്ച് ഇടവക വികാരിയായിരുന്ന റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പിലാണ് പുതിയ ലൂര്‍ദ്ദ് പള്ളി വികാരി.