റംസാൻ വ്രതാരംഭത്തിനും വിഷുവിനും മുമ്പായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ആവശ്യപ്പെട്ടു.
അതേ സമയം മേയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് ബിജെപിയുടെ നിർദേശം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങൾ വിലയിരുത്തി വരികയാണ്. ഈ ഘട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഒറ്റ ഘട്ടമായി തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെട്ടു.
റംസാൻ, വിഷു, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിനങ്ങൾക്ക് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് യുഡിഎഫിലേയും എൽഡിഎഫിലേയും രാഷ്ട്രീയ കക്ഷികൾ കമ്മീഷനോട് ആവശ്യപ്പെട്ടത്. ഏപ്രിൽ ആറിനും 12-നുമിടയിൽ വോട്ടെടുപ്പ് വേണമെന്നാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്.
മൺസൂൺ തുടങ്ങുന്നതിന് മുമ്പായി മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടതെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ പറഞ്ഞു. ഇതിനിടെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു.