എല്ലാവർക്കും കാൻസർ വന്നു സുഖപ്പെടണം എന്നാണ് എന്‍റെ ആഗ്രഹം. ഒരിക്കൽ ഗുരുവായൂരിൽ ദേവസ്വം സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ അവിടത്തെ ചെയർമാൻ സ്വാഗതപ്രസംഗത്തിൽ പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞത് ഒരിക്കലും ഡോക്ടറെ കാണാൻ ഇടവരരുതേ എന്നായിരുന്നു പ്രാർത്ഥന എന്നാണ്. പൊതുവേ രോഗത്തെക്കുറിച്ചുള്ള ഭയപ്പാടും അകൽച്ചയും ഒക്കെ നിറഞ്ഞ ഒരു അഭിപ്രായം കുറച്ചു മൂർച്ചകൂട്ടി പറഞ്ഞതാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ. അതിനു മറുപടി പറഞ്ഞപ്പോഴാണ് രോഗം ഓരോരുത്തരെയും കൂടുതൽ നല്ല മനുഷ്യരാക്കുന്നുണ്ട് എന്ന വസ്തുത കണ്ടറിവുകളിൽ നിന്ന് ഞാൻ പറഞ്ഞത്. രോഗം ഓരോ മനുഷ്യരെയും അതിശയകരമാംവിധം വിമലീകരിക്കുന്നുണ്ട്. ദുരിതത്തിന്‍റെയും നൊമ്പരത്തിന്‍റെയും സഹനവഴികളിലൂടെ കടന്ന് ഓരോ രോഗിയും സുഖം പ്രാപിക്കുമ്പോൾ മനുഷ്യത്വത്തിന്‍റെയും നന്മയുടെയും പുതിയ ബോധ്യങ്ങളിലേക്ക് ഉയരുന്നുണ്ട്.
രക്താർബുദം വന്നു ഭേദമായി, ഇപ്പോൾ സുഖമായി കഴിയുന്ന കാർത്തിക എന്ന പെൺകുട്ടിയും ചാലക്കുടിയിൽ നിന്നുള്ള പാർലമെന്‍റംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്നസെന്‍റും കഴിഞ്ഞ ദിവസം വിളിച്ച് സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വീണ്ടും ഓർത്തത്.
എൻജിനീയറിങ്ങിന് ഒന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാർത്തികയ്ക്ക് രക്താർബുദമാണെന്ന് തിരിച്ചറിഞ്ഞത്. ആ പ്രായത്തിലുള്ള സ്മാർട്ട് ആയ ഒരു പെൺകുട്ടിക്ക് ബ്ലഡ് കാൻസറാണ് എന്നറിയുമ്പോഴുണ്ടാകുന്ന സകലവിധ സഹതാപപ്രകടനങ്ങളും കാർത്തികയുടെ കാര്യത്തിലും ഉണ്ടായി. ആദ്യത്തെ അമ്പരപ്പും സങ്കടങ്ങളും മാറിയപ്പോൾ കാർത്തിക വേഗം രോഗത്തോടും ചികിത്സയോടും പൊരുത്തപ്പെട്ടു. വേഗം തന്നെ സുഖപ്പെട്ട് പൂര്‍ണരോഗമുക്തയാവുകയും ചെയ്തു. രോഗത്തെ കീഴടക്കിക്കഴിഞ്ഞപ്പോൾ കാർത്തിക വേഗം തന്നെ മുതിർന്ന ഒരാളായി മാറിയിരുന്നു. പ്രായം കൊണ്ടല്ല, പക്വതയും ജീവിതത്തോടുള്ള സമീപനവും കൊണ്ട്. രോഗമുക്ത ആയപ്പോൾ അവൾ എടുത്ത ആദ്യത്തെ തീരുമാനം ഇനി എൻജിനീയറിങ് പഠനം തുടരുന്നില്ല എന്നായിരുന്നു. രോഗികൾക്ക് സഹായം ചെയ്യാൻ കഴിയുന്ന എന്തെങ്കിലും പഠിക്കണമെന്ന് കാർത്തിക തീരുമാനിച്ചു. കണക്കും സയൻസും പഠിച്ച കാർത്തികയ്ക്ക് എം.ബി.ബി.എസോ നഴ്സിങ്ങോ പോലുള്ള കോഴ്സുകൾക്ക് ചേരാൻ കഴിയുമായിരുന്നില്ല. ബി. എസ് .സി ഫിസിക്സിനു ചേര്‍ന്ന കാർത്തിക റേഡിയേഷൻ ഫിസിസിസ്റ്റ് ആയി. ബാംഗ്ലൂരിൽ നല്ലൊരു ആശുപത്രിയിൽ ജോലി ചെയ്യുന്നു.
ഇടയ്ക്ക് വിളിക്കാറുള്ള കാർത്തിക കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞു: ഡോക്ടർക്ക് തിരക്കില്ലെങ്കിൽ ഒരു കാര്യം പറയാനുണ്ടായിരുന്നു. ഒരു ദിവസം കാർത്തികയ്ക്ക് ഉണ്ടായ ഒരു അനുഭവം പറയാനാണ് വിളിച്ചത്. ഉച്ചഭക്ഷണത്തിനായി പുറത്തേക്കിറങ്ങിയപ്പോൾ ആശുപത്രി വരാന്തയിൽ നിൽക്കുന്ന ഒരു അമ്മൂമ്മയെ കാർത്തിക ശ്രദ്ധിച്ചു. ഭക്ഷണം കഴിഞ്ഞ് മടങ്ങിവരുമ്പോഴും അവർ അവിടെ തന്നെ നിൽക്കുകയാണ്. ആശുപത്രിയിൽ വന്നുപോകുന്ന നൂറുകണക്കിന് ആളുകളിൽ ആരുടെയും ശ്രദ്ധ അവരിലേക്ക് എത്തുന്നില്ലായിരുന്നു. അല്ലെങ്കിൽത്തന്നെ തിരക്കേറിയ ഇടങ്ങളിൽ ആര് ആരെ ശ്രദ്ധിക്കാനാണ്! കാർത്തിക അവരുടെ അടുത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു. കാൻസർ ചികിത്സ കഴിഞ്ഞ് മടങ്ങാൻ നിൽക്കുകയാണ് അവർ. തനിയെ നില്ക്കാൻ കൂടി വിഷമിക്കുന്ന അവരോടൊപ്പം പക്ഷെ ആരുമില്ല. പുട്ടപർത്തിയിലെ സൗജന്യ താമസസൗകര്യങ്ങൾ ഉപയോഗിച്ച് കഴിയുന്ന തീർത്തും ദരിദ്രയായ ഒരു വല്യമ്മ. കൂടെ വരാൻ ആരും ഇല്ലാത്ത ഒരു പാവം കണ്ടാൽ തന്നെ പാവം തോന്നുന്ന അവശയായ ഒരു രോഗി. ബാംഗ്ലൂരിലെ ബസ് സ്റ്റേഷനിലെത്തി വണ്ടികയറി പുട്ടപർത്തിയിൽ എത്തിയാലേ എന്തെങ്കിലും ആശ്വാസമാവുകയുള്ളൂ. തനിക്ക് തീരെ വയ്യ എന്ന കാര്യം വിളിച്ചുപറയാൻ ആകെ ആശ്രയമായി ഉണ്ടായിരുന്ന മൊബൈൽ ഫോൺ ബാംഗ്ലൂരിൽ എവിടെയോ വെച്ച് കളവുപോയി. ദൈന്യങ്ങൾ ഏറെ കണ്ടുകഴിഞ്ഞ അവർ കരയുകയോ വിഷാദിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല എന്നാണ് കാർത്തിക പറഞ്ഞത്. പക്ഷേ, കാർത്തികയ്ക്ക് വിഷമമായി. ബാംഗ്ലൂരിലെ ബസ് സ്റ്റേഷനായ മെജസ്റ്റിക് വരെ കാർത്തിക അവരെ കൊണ്ടുവിട്ടു. ലഘുഭക്ഷണവും കഴിച്ചു. അവരുടെ മറ്റു വിശേഷങ്ങൾ തിരയ്ക്കണമെന്ന് കാർത്തികയ്ക്ക് തോന്നിയിരുന്നില്ല. മോളുടെ പേരെന്താ എന്നുപോലും അവര്‍ കാര്‍ത്തികയോടും അന്വേഷിച്ചില്ല. വേദനിക്കുന്ന ഒരാളെ തിരിച്ചറിയാൻ വേദനയെന്തെന്നറിഞ്ഞ ഒരാൾക്കുള്ള വിശിഷ്ടകാരുണ്യമുണ്ട്.അതാണ് അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്.
കാർത്തിക തിരികെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങളൊക്കെ സഹപ്രവർത്തകരോട് പറഞ്ഞു. വെറുതെ ഒരു വല്യമ്മയുടെ പിറകെ പോയി നേരംകളഞ്ഞ കാർത്തികയുടെ കാര്യം ആരും തമാശയായിപ്പോലും ഉൾക്കൊള്ളാതെ അവഗണിച്ചു കളഞ്ഞു. വൈകിട്ട് മുറിയിലെത്തിയ കാർത്തിക എന്തിനെന്നറിയാതെ കുറേനേരം കരഞ്ഞു. കരഞ്ഞുപോയി എന്നതാണ് ശരി. തനിക്ക് രോഗംവരികയും അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നില്ലെങ്കിൽ ആ വല്യമ്മയെ തിരിഞ്ഞുനോക്കാൻ പോലും തോന്നുകയില്ലായിരുന്നു എന്നവൾ സ്വയം വിലയിരുത്തി. രോഗം മനുഷ്യരെ കൂടുതൽ നല്ല മനുഷ്യരാക്കുന്നുണ്ട് എന്ന് കാർത്തിക ആത്മാവിൽ അറിയുകയായിരുന്നു. ആ തിരിച്ചറിവ് പങ്കുവെക്കാൻ വേണ്ടിയാണ് കാർത്തിക വിളിച്ചത്. വേദനിക്കുന്നവരെ മനസ്സിലാക്കാൻ, നമ്മുടെ ഈഗോകളും വാശികളും പകയും ഒക്കെ എത്ര നിസ്സാരമാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത് ഈ രോഗമാണ്. രോഗം ഓരോരുത്തരെയും വിപുലീകരിക്കുക കൂടി ചെയ്യുന്നു. അത് മനസ്സിലാക്കണമെങ്കിൽ അത്തരത്തിലൊരു മനുഷ്യത്വം ഉണരണം.
രോഗമുക്തരായവരുടെയും മുക്തി നേടിക്കൊണ്ടിരിക്കുന്നവരുടെയും ഒരു യോഗത്തിൽ പങ്കെടുത്ത് ഇന്നസെന്‍റ് സംസാരിച്ചിരുന്നത് ഇതേ തരത്തിലാണ്. പാർലമെന്‍റംഗമായി മത്സരിക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു: ‘ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ട് അതുവഴി പ്രശസ്തി നേടുകയോ പണമുണ്ടാക്കുകയോ ചെയ്യേണ്ട സ്ഥിതി തനിക്കില്ല .ദൈവം അനുഗ്രഹിച്ച് അത്യാവശ്യം പണവും കുറച്ചൊക്കെ പ്രശസ്തിയും ഇന്നസെന്‍റിനുണ്ട്. ആളുകൾക്ക് വേണ്ടി നല്ലത് എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടുമെന്ന് കരുതി മാത്രമാണ് ജനപ്രതിനിധിയാവാൻ ഒരുങ്ങുന്നത്.’
തനിക്ക് കാൻസർ വന്നപ്പോൾ അതിനെ പേടിച്ചു നിൽക്കുകയോ പിൻവലിയുകയോ അല്ല ഇന്നസെന്‍റ് ചെയ്തത് .തനിക്ക് കാൻസർ ആണെന്ന് ലോകത്തോട് വിളിച്ചുപറയുകയും ഇത് ഇത്രയേ ഉള്ളു കേട്ടോ എന്ന് നിറഞ്ഞ ചിരിയോടെ ബോധ്യപ്പെടുത്തുകയുമാണ് അദ്ദേഹം ചെയ്തത് .ആ ഒരു പുണ്യം ജനങ്ങളും തിരിച്ചറിഞ്ഞത് ഇന്നസെന്‍റിനെ തെരഞ്ഞെടുപ്പിലും സഹായിച്ചിട്ടുണ്ടാവണം.
മുൻപ് ഇന്നസെന്‍റ് എങ്ങനെയുള്ള ആളായിരുന്നു എന്നെനിക്കറിയില്ല. എന്നാൽ കാൻസർ വന്നു സുഖപ്പെട്ട ഇന്നസെന്‍റ് കാരുണ്യം എന്നാലെന്താണെന്ന്, മനുഷ്യത്വം എന്നാൽ എന്താണെന്ന് അറിവുള്ളയാളാണ്. ജീവിതത്തെക്കുറിച്ച് തിരിച്ചറിവുള്ള ആൾ. ആ തിരിച്ചറിവ് ഈ രോഗം നൽകുന്ന ഒരു മഹാജ്ഞാനമാണ്. അതുകൊണ്ടാണ് എല്ലാവർക്കും കാൻസർ വന്നു സുഖപ്പെടണേ എന്ന് ആഗ്രഹിച്ചുപോകുന്നത്. രോഗം ഈ ലോകത്തെ കൂടുതൽ നല്ലൊരു മനുഷ്യലോകമാക്കി മാറ്റും.