രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ.
എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ആവശ്യത്തിന് വാക്സിൻ നൽകിയിട്ടുണ്ട്. മികച്ച ആസൂത്രണത്തിലൂടെ കൃത്യ സമയത്ത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞുവന്ന പശ്ചാത്തലത്തിൽ ഉത്പാദനം വെട്ടിക്കുറച്ചതുകൊണാണ് പകർച്ചവ്യാധി പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ ദൗർലഭ്യമുണ്ടായത്. ഈ സാഹചര്യത്തിൽ ഡ്രഗ്സ് കൺട്രോളറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഉത്പാദകരുടെ യോഗം വിളിച്ചുചേർക്കുകയും റെംഡെസിവിറിന്റെ ഉത്പാദനം വർധിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. റെംഡെസിവിർ കരിഞ്ചന്തയിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ മരുന്നിന്റെ കൃത്രിമ ക്ഷാമമുണ്ടാക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനും ആരെങ്കിലും ശ്രമിച്ചാലും ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.