കൊല്ലം: ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനു നേരെയുള്ള ആക്രമണത്തിൽ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി അഭിഭാഷക വേഷത്തില്‍ ഹാജരായി ചാണ്ടി ഉമ്മന്‍.
കരുനാഗപ്പള്ളി കോടതിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ അഭിഭാഷകനായി എത്തിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. എന്നാല്‍ ഈ വകുപ്പുകള്‍ നില നില്‍ക്കില്ലെന്ന് മാധ്യമ വാര്‍ത്തകളടക്കം തെളിവായി കോടതിയെ ഉമ്മന്‍ അടക്കമുള്ള അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. ചാണ്ടി ഉമ്മനെ കൂടാതെ മൂന്നോളം അഭിഭാഷകരും കോടതിയിലെത്തിയിരുന്നു. അഭിഭാഷക വേഷമണിഞ്ഞ് കോടതിയിലെത്തിയത് തികച്ചും യാഥൃശ്ചികമായാണെന്ന് ചാണ്ടി ഉമ്മന്‍ റിപ്പോര്‍ട്ടര്‍ ടിവി യോട് പറഞ്ഞു.
തികഞ്ഞ രാഷ്ട്രീയക്കാരനായ ചാണ്ടി ഉമ്മന്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി വക്കീല്‍ വേഷമിട്ട് കോടതിയിലെത്തിയത് പ്രവര്‍ത്തകര്‍ക്കിടയിലും ആവേശം കൂട്ടി. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു കോടതിയില്‍ അഭിഭാഷകനായി ചാണ്ടി ഉമ്മന്‍ എത്തുന്നത്. കേസില്‍ പോലീസിന്റെ വാദം കേട്ട കോടതി ആറ് പേര്‍ക്കും ജാമ്യം അനുവദിച്ചു. തുടർന്ന്, അഭിഭാഷക കുപ്പായം അഴിച്ച് വച്ച ശേഷം ഖദര്‍ വേഷമണിഞ് കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസിന്റെ വിവിധ പരിപാടികളിലും ചാണ്ടി ഉമ്മന്‍ പങ്കെടുത്തു.
വെട്ടിക്കവലയില്‍ ക്ഷീര സഹകരണ സംഘം ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനു തുടര്‍ച്ചയായി ചവറ നല്ലേഴത്ത് മുക്കിന് സമീപം വെച്ച് കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത് സംഘര്‍ഷത്തിന് വഴിമാറിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗണേഷ് കുമാറിന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടുകയും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയുടെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. പ്രതിഷേധക്കാരില്‍ ആറ് പേര്‍ അറസ്റ്റിലായി. എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം പ്രദീപ് കോട്ടാത്തലയാണ് രണ്ടാം തവണയും മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.