യു.ഡി.എഫ് ഐതിഹാസിക വിജയം നേടി അധികാരത്തിൽ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തിൽ ഉടനീളം വോട്ടർമാരിൽ കണ്ട ആവേശം അതിന്റെ സൂചനയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു
അഞ്ചു വർഷം കൊണ്ട് കേരളത്തെ തകർത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സർക്കാരിനെതിരെ ജനം ഒറ്റക്കെട്ടായി വിധി എഴുതുന്നതാണ് ഇന്ന് ദൃശ്യമായത്. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടുവന്ന അഴിമതികൾ ഇടതു സർക്കാരിന്റെ തനിനിറം ജനങ്ങൾക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പി.ആർ. എജൻസികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ടിമെതിച്ച സർക്കാർ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത്. ഭക്തർ അതെല്ലാം തിരിച്ചറിഞ്ഞു.
പരാജയ ഭീതിപൂണ്ട ഇടതു മുന്നണി സംസ്ഥാനത്ത് പല ഭാഗത്തും യു.ഡി.എഫ് പ്രവർത്തകർക്കു നേരെ അക്രമം അഴിച്ചുവിട്ടു. നിരവധി യു.ഡി.എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യു.ഡി.എഫ് പ്രവർത്തകർ സംയമനം കൈവിടരുതെന്ന് ചെന്നിത്തല അഭ്യർത്ഥിച്ചു.
വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന് വോട്ടർപട്ടികയിൽ സി.പി.എമ്മും ഇടതു മുന്നണിയും നടത്തിയ കൃത്രിമം യു.ഡി.എഫ് പിടികൂടുകയും വോട്ടെടുപ്പ് ദിനത്തിൽ യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പാലിക്കുകയും ചെയ്തതിനാൽ കള്ളവോട്ട് വലിയ തോതിൽ തടയാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും തളിപ്പറമ്പ് ഉൾപ്പടെ പല സ്ഥലത്തും കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. മറ്റു മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നിട്ടുണ്ടോ എന്ന് സൂക്ഷമായ പരിശോധന വരും ദിവസങ്ങളിൽ യു.ഡി.എഫ് നടത്തും. ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കുമെന്നതിനാൽ യു.ഡി.എഫ് പ്രവർത്തകർ വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്ത എല്ലാ വിഭാഗം ജനങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.