യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ചയാൾ മരിച്ചു. കാസർകോട് ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് കുമ്പള സ്വദേശിനിയോട് റഫീഖ് അപമര്യാദയായി പെരുമാറിയെന്നും നഗ്നതാപ്രദർശനം നടത്തിയെന്നുമാണ് ആരോപണം. സംഭവത്തിൽ യുവതി റഫീഖിനെ ചോദ്യംചെയ്യുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തതോടെ ഇയാൾ ആശുപത്രിയിൽനിന്ന് ഇറങ്ങിയോടി. യുവതിയും പിന്നാലെ ഓടി. ഇതുകണ്ട സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും മറ്റുള്ളവരും പ്രശ്നത്തിൽ ഇടപെട്ടു. രക്ഷപ്പെടാൻ ശ്രമിച്ച റഫീഖിനെ ഇവർ ഓടിച്ചിട്ട് മർദിച്ചു. ഏകദേശം അരക്കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ മർദനം നടന്നതായാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെ റഫീഖ് കുഴഞ്ഞുവീണതോടെ ചിലർ പിൻവാങ്ങി. എന്നാൽ അഭിനയമാണെന്ന് പറഞ്ഞ് കുഴഞ്ഞുവീണ് കിടന്ന റഫീഖിനെ ചിലർ വീണ്ടും മർദിച്ചെന്നും നാട്ടുകാർ പറയുന്നു. ഇതിനുപിന്നാലെ വായിൽനിന്ന് നുരയും പതയും കണ്ടതോടെ മറ്റുള്ളവർ ഇടപെട്ട് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ചയാൾ മരിച്ചു.
Facebook Comments
COMMENTS
Facebook Comments