മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപദേവതാ ക്ഷേത്രങ്ങളുടെയും മാളികപ്പുറം ദേവീക്ഷേത്രത്തിലെയും നടകൾ തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു.നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 11 മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം ഉണ്ടാവുക. 11 ന് രാവിലെ 5 ന് നടതുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും ഉണ്ടാകും.14 ന് ആണ് വിഷുക്കണി ദർശനം. അന്ന് പുലർച്ചെ 5 മണിക്ക് നട തുറന്ന് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിയ്ക്കും. അതിനു ശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശിക്കാനുള്ള അവസരം നൽകുക. 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് – 19 ആർ ടി പി.സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കുംഅല്ലെങ്കിൽ കൊവിഡ്- 19 പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തവർക്കും ഓൺലൈൻ വഴി ബുക്ക് ചെയ്ത് ശബരിമല ദർശനത്തിന് എത്തിച്ചേരാവുന്നതാണ്.