മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് യാതൊരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നെന്നു കാണിച്ച് സുപ്രീം കോടതയില്‍ അധിക സത്യവാങ്മൂലം. ഹര്‍ജിക്കാരനായ ജോ ജോസഫാണ് സുപ്രീം കോടതിയെ സമീപിച്ചത്. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മേല്‍നോട്ടസമിതി നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അധിക സത്യവാങ്മൂലത്തില്‍ മുല്ലപ്പെരിയാറിലെ നിലവിലെ അവസ്ഥ സംബന്ധിച്ച് ജോ ജോസഫ് വിശദീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് ഒരു മുന്നറിയിപ്പുമില്ലാതെ സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിടുന്നു. ഇതുകാരണം ഡാം പരിസരത്തെ വീടുകളില്‍ വെള്ള കയറുകയും സമീപവാസികള്‍ക്ക് വീടുവിട്ട് പോകേണ്ട സ്ഥിതിയുണ്ടാകുകയും ചെയ്യുന്നുവെന്നും ഭീതിജനകമായ അവസ്ഥയാണ് നിലവിലുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതിനാല്‍ കോടതി ഇടപെട്ട് രാത്രി കാലങ്ങളില്‍ ഡാം തുറക്കുന്ന തമിഴ്‌നാടിന്റെ പ്രവണത അവസാനിപ്പിക്കണമെന്നും ഡാമിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ മേല്‍നോട്ടസമിതി ദൈനംദിന പരിശോധന നടത്തണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
പത്താം തീയതി മുല്ലപ്പെരിയാര്‍ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ വിശദമായി കോടതിയെ ധരിപ്പിക്കും.
മുല്ലപ്പെരിയാറിലെ അവസ്ഥ സംബന്ധിച്ച് വിശദമായി കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല.