മുന്നണി മാറ്റം സസ്പെന്സില്; പാലായില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ പാലായില്‍ മത്സരിച്ചിരിക്കുമെന്ന് മാണി സി. കാപ്പന് എംഎല്‍എ. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാപ്പന്. ഇടതുമുന്നണി പാലാ സീറ്റ് എന്‍സിപിക്ക് നല്‍കില്ലെന്നാണ് നിലവിലെ അറിവ്. എ.കെ.ശശീന്ദ്രന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ്-എസിലേക്ക് പോകുമെന്നാണ് തന്റെ അറിവെന്നും കാപ്പന് പ്രതികരിച്ചു. കാപ്പനും സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനും ഒന്നിച്ചാണ് ഇന്ന് പവാറിനെ കണ്ടത്. കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേല്‍ നിലവില്‍ ഗോവയിലാണ്. അദ്ദേഹം വെള്ളിയാഴ്ച ഡല്‍ഹിയില്‍ മടങ്ങിയെത്തും. ഇതിന് ശേഷം വീണ്ടും കേരള നേതാക്കളുമായി പവാറും പ്രഫുല്‍ പട്ടേലും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമുണ്ടാവുക. സിറ്റിംഗ് സീറ്റുകളില്ലെങ്കില്‍ പാര്‍ട്ടി മുന്നണി വിടുമോ എന്ന കാര്യം നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം പ്രഫുല്‍ പട്ടേലായിരിക്കും പ്രഖ്യാപിക്കുക. കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ക്ഷണത്തെക്കുറിച്ച് കാപ്പന് കാര്യമായ പ്രതികരണം നടത്തിയില്ല.