എറണാകുളം കളമശേരിക്ക് സമീപം മഞ്ഞുമ്മലിൽ മുട്ടാർപുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പതിമൂന്നുകാരി വൈഗ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരണം.
പരിശോധനയിൽ അസ്വാഭാവിക പരുക്കുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. വൈഗയ്ക്കൊപ്പം കാണാതായ അച്ഛൻ സനു മോഹനായി തിരച്ചിൽ തുടരുകയാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറും ഇതുവരെ കണ്ടെത്താനായിട്ടില്ല. സനു മോഹനെ കണ്ടെത്താനായി പുഴയിൽ നടത്തിയിരുന്ന തിരച്ചിൽ പൊലീസും അഗ്നിശമന സേനയും അവസാനിപ്പിച്ചു. പെരിയാറിന്റെ കൈവഴിയായ മുട്ടാറിൽ മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ സമീപമാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ വൈഗയുടെ മൃതദേഹം കണ്ടത്. ശനിയാഴ്ച കുട്ടിയുടെ അമ്മയെ ആലപ്പുഴ തൃക്കുന്നപ്പുഴയിലെ വീട്ടിലാക്കിയശേഷം മടങ്ങിയ സനുവിനെയും മകളെയും കാണാതാവുകയായിരുന്നു.