മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. ജാതിയമായി ഒന്നും പറഞ്ഞിട്ടില്ല. തൊഴിലും കുടുംബ പശ്ചാത്തലവുമാണ് സൂചിപ്പിച്ചത്. ഇക്കാര്യത്തിൽ സിപിഎമ്മിന് ഇല്ലാത്ത വിഷമമാണ് ഷാനിമോൾ ഉസ്മാനെ പോലെയുള്ളവർക്കെന്നും സുധാകരൻ ആഞ്ഞടിച്ചു. പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രസംഗം വിവാദമായെങ്കിലും പറഞ്ഞതിൽ തെറ്റില്ലെന്നും ഉറച്ചുനിൽക്കുന്നുവെന്നാണ് കെ.സുധാകരന്റെ നിലപാട്.
താൻ മര്യാദ ലംഘനം നടത്തിയെങ്കിൽ ചൂണ്ടിക്കാട്ടണം. ജാതിയമായി അധിക്ഷേപിച്ചിട്ടില്ല. ഹെലികോപ്റ്റർ യാത്രയിലൂടെ 18 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പറഞ്ഞത്. ഇക്കാര്യത്തിൽ മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാന് ആവശ്യപ്പെട്ടതിന് പിന്നിൽ എന്താണെന്ന് മനസിലാകുന്നില്ല.
അതേസമയം, പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ സുധാകരൻ ഇക്കാര്യത്തിൽ പാർട്ടിയോട് ആരാഞ്ഞ് നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.