തൊടുപുഴ:മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിക്കെത്തിയ കോണ്ഗ്രസ് നേതാവിനെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതായി പരാതി
കെപിസിസി അംഗം സി.പി.മാത്യുവിനെയാണ് പോലീസ് സുരക്ഷാപ്രശ്നം പറഞ്ഞ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ഇടുക്കി തൊടുപുഴയിൽ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ.
തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിന്റെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട 150 പേർക്കായിരുന്നു പ്രവേശനം.
പ്രതിപക്ഷത്തു നിന്നും ആർക്കും യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല.
യോഗം തുടങ്ങി മുഖ്യമന്ത്രി ആമുഖ പ്രസംഗം നടത്തിയതിന് പിന്നാലെയാണ് കോണ്ഗ്രസ് നേതാവ് ഓഡിറ്റോറിയത്തിൽ പ്രവേശിച്ചത്.
പിന്നാലെ പോലീസ് എത്തി പുറത്തുപോകാൻ ആവശ്യപ്പെട്ടു.
പുറത്തിറങ്ങി മാത്യു മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ സുരക്ഷ പ്രശ്നം ഉയർത്തി പോലീസ് കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പട്ടയ പ്രശ്നങ്ങൾ ഉൾപ്പടെ ഇടുക്കിയിലെ ജനങ്ങളുടെ പരാതി അറിയിക്കാനാണ് താൻ മുഖ്യമന്ത്രിയെ കാണാൻ എത്തിയതെന്ന് മാത്യു മാധ്യമങ്ങളോട് പറഞ്ഞു