മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ അങ്കണത്തിൽ തയാറാക്കിയ പ്രത്യേക വേദിയിൽ നടന്ന മാർ തോമ്മാ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ ചരമ സുവർണ്ണ ജൂബിലി ഉദ്‌ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു. മാർ തോമ്മാ ദിവന്നാസിയോസ് തിരുമേനിയുടെ ജീവചരിത്രം ‘അണയാത്ത ദീപസ്തംഭം’ പുസ്തക പ്രകാശനവും തദവസരത്തിൽ പരിശുദ്ധ ബാവാ നിർവ്വഹിച്ചു.
ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് ജൂബിലി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമീസ്, നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, സാഹിത്യ ചരിത്രകാരൻ ഡോ. പോൾ മണലിൽ, ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, പത്തനാപുരം താബോർ ദയറാ പ്രതിനിധി ഫാ. കെ.വി. പോൾ, ദിവന്ന്യാസിയോസ് തിരുമേനിയുടെ സെക്രട്ടറി ഫാ. ടി.സി. ജോൺ, കത്തീഡ്രൽ വികാരി ഫാ. എബി ഫിലിപ്പ്, സഹവികാരി ഫാ. ജോയിസ് വി. ജോയി, ട്രസ്റ്റി സൈമൺ വർഗീസ് കൊമ്പശേരിൽ, സെക്രട്ടറി ജി. കോശി തുണ്ടുപറമ്പിൽ, ഗ്രന്ഥകർത്താവ് കുഞ്ഞ് കല്ലുംപുറത്ത് എന്നിവർ പ്രസംഗിച്ചു.