കോട്ടയ്ക്കൽ. ടൗണിലെ മാലിന്യം സംസ്കരിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്തു തീരുമാനമെടുക്കാൻ ഉപസമിതി രൂപീകരിച്ചു. നഗരസഭാ കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ അധ്യക്ഷയായ സമിതിയിൽ സ്ഥിരസമിതി അധ്യക്ഷരും ചില കൗൺസിലർമാരും അംഗങ്ങളാകും.
ഇൻസിനറേറ്റർ വഴി മാലിന്യം കത്തിക്കുന്നത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ രണ്ടാഴ്ച മുൻപ് തടഞ്ഞിരുന്നു. തുടർന്നാണ് ഇന്ത്യനൂർ മൈലാടിയിലെ സംസ്കരണ പ്ലാന്റിലേക്ക് കഴിഞ്ഞദിവസം മാലിന്യം അധികൃതർ കൊണ്ടുപോയത്. എന്നാൽ, നാട്ടുകാർ എതിർത്തതോടെ തിരിച്ചു കൊണ്ടുപോയി.
ഉപയോഗശൂന്യമായി കിടക്കുന്ന സംസ്കരണ പ്ലാന്റുകൾ വീണ്ടും പ്രവർത്തന സജ്ജമാക്കണമെന്ന മന്ത്രി എം.വി.ഗോവിന്ദന്റെ നിർദേശം അനുസരിച്ചാണ് മൈലാടി പ്ലാന്റ് വീണ്ടും തുറക്കാനുള്ള നീക്കം നടത്തിയതെന്ന് നഗരസഭാധികൃതർ പറയുന്നു. അജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ഇത്തരം പ്ലാന്റുകൾ അനിവാര്യമാണ്. നാട്ടുകാരുമായി ചർച്ച നടത്തി പ്ലാന്റിൽ സംസ്കരണം വീണ്ടും തുടങ്ങുന്നതിന്റെ ഭാഗമായാണ് ഉപസമിതി രൂപീകരിച്ചതെന്നും അധികൃതർ പറഞ്ഞു. കൗൺസിൽ യോഗത്തിൽ നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്ദീപ് കുമാർ, പി.പി. ഉമ്മർ, ടി.കബീർ, കെ.പി.ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.