നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സംഘടനകളും വ്യക്തികളും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് വിഭാഗത്തിന്‍റെ അംഗീകാരം നേടേണ്ടതുണ്ട്. ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റി(എം.സി.എം.സി)യാണ് പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നത്.
ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വർക്കുകള്‍, സ്വകാര്യ എഫ്.എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ ശാലകള്‍, പൊതുസ്ഥലങ്ങളിലെയും സാമൂഹ മാധ്യമങ്ങളിലെയും ഓഡിയോ വിഷ്വല്‍ ഡിസ്പ്ലേകള്‍, ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്സ് മെസേജുകള്‍, ഇ-പേപ്പറുകള്‍ എന്നിവയിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ടതുണ്ട്.
അപേക്ഷ നല്‍കേണ്ട വിധം
🔹പരസ്യത്തിന്‍റെ വിശദാംശങ്ങള്‍, നിര്‍മാണ-പ്രദര്‍ശന ചിലവുകള്‍ എന്നിവ ഉള്‍പ്പെടെ വ്യക്തമാക്കി നിശ്ചിത മാതൃകയിലുള്ള അപേക്ഷ എം.സി.എം.സി മെംബര്‍ സെക്രട്ടറിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസർക്കാണ് സമര്‍പ്പിക്കേണ്ടത്.
🔹പരസ്യം അടങ്ങിയ സിഡിയുടെ രണ്ടു പകര്‍പ്പുകളും അപേക്ഷകന്‍ സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം ഉണ്ടായിരിക്കണം.
🔹പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്‍റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.
🔹പരസ്യം നല്‍കുന്നത് സ്ഥാനാര്‍ഥികളോ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോ ആണെങ്കില്‍ ടെലികാസ്റ്റ് ചെയ്യുന്നതിന് കുറഞ്ഞത് മൂന്നു ദിവസം മുന്‍പെങ്കിലും അപേക്ഷ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ടെലികാസ്റ്റിന് ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം.
അംഗീകാരം നിബന്ധനകള്‍ക്ക് വിധേയം; നിരീക്ഷണത്തിന് എം.സി.എം.സി സെല്‍
കമ്മിറ്റി ചെയര്‍ പേഴ്സണായ ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, കമ്മിറ്റിയിലെ സമൂഹമാധ്യമ വിദഗ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് പരസ്യങ്ങള്‍ വിലയിരുത്തുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിബന്ധനകള്‍ക്ക് വിധേയമായാണ് അംഗീകാരം നല്‍കുക.
തിരഞ്ഞെടുപ്പു ദിവസവും തലേന്നും അച്ചടി മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കും എം.സി.എം.സിയുടെ മുന്‍കൂര്‍ അംഗീകാരം നേടേണ്ടതുണ്ട്. മാധ്യമങ്ങളില്‍ വരുന്ന പ്രചാരണ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എം.സി.എം.സി നിരീക്ഷണ സെല്‍ പരിശോധിക്കുന്നുണ്ട്.