വിദേശട്രോളറുകള്‍ക്ക് ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് കരാര്‍ നല്‍കാൻ നീക്കമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനു മറുപടിയുമായി മുഖ്യമന്ത്രി. കുപ്രചരണം നടത്തി മല്‍സ്യമേഖലയെ സര്‍ക്കാരിനെതിരാക്കാം എന്നത് വ്യാമോഹം മാത്രമാണ്. പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് ഉതകുന്നതാണ് മല്‍സ്യനയം. മല്‍സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരുനടപടിയും ഉണ്ടാവില്ല. തീരമേഖലയിലെ ജീവിതം മെച്ചപ്പെടുത്താന്‍ ചെയ്ത കാര്യങ്ങള്‍ അവിടത്തെ ജനങ്ങള്‍ക്കറിയാം. കോര്‍പറേറ്റുകള്‍ക്ക് മല്‍സ്യത്തൊഴിലാളികളെ തീറെഴുതുന്ന നയം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. വിദേശ, തദ്ദേശകോര്‍പ്പറേറ്റ് ട്രോളറുകള്‍ക്കുള്ള അനുമതിപത്രം നിര്‍ത്തിയത് കേരളം ഇടപെട്ടതിനാലാണ്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് വിദേശ, സ്വദേശ കോര്‍പറേറ്റുകളെ അനുവദിക്കുന്ന പ്രശ്നമില്ല.
സര്‍ക്കാരോ സര്‍ക്കാര്‍ വകുപ്പുകളോ ധാരണാപത്രം ഒപ്പുവച്ചിട്ടില്ല. ഏതെങ്കിലും പൊതുമേഖലാസ്ഥാപനം ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീടാണ് പരിഗണിക്കുക. നിയമപരമായ പരിശോധനകള്‍ക്കുശേഷമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ഇഎംസിസി വ്യവസായമന്ത്രിക്ക് നല്‍കിയ നിവേദനം ധാരണാപത്രമായി പ്രചരിപ്പിക്കുന്നു. നിവേദനത്തിന്റെ ഉള്ളടക്കം എങ്ങനെ പ്രതിപക്ഷനേതാവിന്റെ കയ്യിലെത്തി? കെഎസ്ഐഎൻസി മേധാവി ധാരണാപത്രം ഒപ്പുവച്ചത് സര്‍ക്കാരിന്റെ അറിവോടെയല്ല. കെഎസ്ഐഎൻസി മേധാവി ചെന്നിത്തല മന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു