കോട്ടയ്ക്കൽ. മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പരാതി. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കുറവു മൂലം വാഹന പരിശോധന നടത്താൻ പോലും കഴിയാത്ത അവസ്ഥയാണ്.
റോഡിലെ നിയമലംഘനങ്ങൾക്ക് തടയിടാനായി 3 വർഷം മുൻപാണ് കോട്ടയ്ക്കൽ ആസ്ഥാനമായി ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗം രൂപീകരിച്ചത്.
18 എഎംവിഐമാർ വേണ്ടിടത്ത് 10 പേർ മാത്രമാണുള്ളത്. ഇതിൽ തന്നെ രണ്ടു പേർ പരിശീലനത്തിനു പോയിട്ടുണ്ട്. സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ മൂലമുള്ള ഒഴിവുകൾ നികത്താത്തതാണ് പ്രശ്നം. വിസ്തൃതിയിലും വാഹനപ്പെരുപ്പത്തിലും മുന്നിലുള്ള ജില്ലയിൽ കൂടുതൽ ഉദ്യോഗസ്ഥ തസ്തികകൾ ആവശ്യമാണ്. എന്നാൽ, അനുവദിച്ച തസ്തികകളിൽ തന്നെ ആളില്ലാത്ത അവസ്ഥയാണ്.
ജില്ലയിലെ 7 താലൂക്കുകളിലായി 6 എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെയാണ് അനുവദിച്ചിട്ടുള്ളത്. ഒരു സ്ക്വാഡിൽ ഒരു എംവിഐയും 3 എഎംവിഐമാരും വേണം. ജീവനക്കാരുടെ കുറവുമൂലം ഒരു എംവിഐയും എഎംവിഐയുമുള്ള സ്ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. 34 പൊലീസ് സ്റ്റേഷനുകളിലെയും അപകടത്തിൽപെട്ട വാഹനങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ട ചുമതല ഈ വിഭാഗത്തിനാണ്. ഇത്തരം വാഹനങ്ങളുടെ പരിശോധനയ്ക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ മറ്റു പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. നേരത്തേ വലിയ തോതിൽ റോഡ് പരിശോധനകൾ നടത്തിയിരുന്നുവെങ്കിൽ ഇപ്പോൾ കൂടുതലായി നടത്താൻ കഴിയുന്നില്ല. സ്കൂൾ വിദ്യാർഥികൾ നൽകുന്ന പരാതിയിൽ നടപടിയെടുക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. സന്നദ്ധ സംഘടനകളുടെയും മറ്റും സഹകരണത്തോടെ നടത്തേണ്ട റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകളും മുടങ്ങിക്കിടക്കുകയാണ്. വാഹനാപകടങ്ങൾക്കു ഇടയാക്കിയ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച് കൃത്യമായ റിപ്പോർട്ട് തയാറാക്കാനും കഴിയുന്നില്ല.
ജീവനക്കാരുടെ കുറവ് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും സത്വര നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ.സുരേഷ് കുമാർ പറഞ്ഞു. റോഡ് നിയമങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.