മരണമടഞ്ഞ കോൺഗ്രസ് പ്രവർത്തകൻ്റെ മക്കൾക്ക് സാന്ത്വനവുമായി ഉമ്മൻ ചാണ്ടി വീടു സന്ദർശിച്ചു
പാലാ: മരണമടഞ്ഞ കോൺഗ്രസ് പ്രവർത്തകന്റെ മരിക്കാത്ത ഓർമ്മകൾക്ക് പ്രണാമവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായിരുന്ന മോഹൻ തച്ചേട്ട് എന്നും ഉമ്മൻ ചാണ്ടിയുടെ ആരാധകനായിരുന്നു. രോഗശയ്യയിൽ കിടക്കുമ്പോഴും സഹപ്രവർത്തകരും സുഹൃത്തുക്കുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും രാഷ്ട്രീയ നാട്ടു വർത്തമാനങ്ങളിലെല്ലാം സജീവവുമായിരുന്നു. ഭാര്യ കുമാരി ഏഴ് വർഷങ്ങൾക്ക് മുമ്പ് അസുഖ ബാധിതയായി മരിച്ചതോടെ രണ്ടു പെൺമക്കളുടെ ഭാവിയെ കുറിച്ചുള്ള കരുതൽ മാത്രമായിരുന്നു മോഹനന്റെ പിന്നീടുള്ള ജീവിതം. തടിമിൽ തൊഴിലാളിയായിരുന്നു മോഹനൻ. വിധി മോഹനനെയും തട്ടിയെടുത്തപ്പോൾ കുട്ടികളുടെ ഭാവി ഭദ്രമാക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും.
ഇതിനിടെയാണ് രാഷ്ട്രീയ തിരക്കുകൾ മാറ്റിവച്ച് ഉമ്മൻചാണ്ടി മോഹനന്റെ ഭവനത്തിലെത്തിയത്. തുടർന്നു ഏറെ സമയം കുട്ടികളോടൊത്ത് ചെലവഴിക്കുകയും അവരെ കരുതലോടെ ചേർത്ത് നിർത്തിയതും ചെയ്തത് കുട്ടികൾക്ക് കൂടുതൽ മനോധൈര്യം പകർന്ന അനുഭവമായി.
മോഹനന്റെ അടുത്ത സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളുമായ സാബു എബ്രഹാം, ഷോജി ഗോപി എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.