മരക്കാറിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി അറിച്ച് മോഹൻലാൽ. ഈ വിജയം നാടിനെ സ്‌നേഹിക്കുന്നവരുടേയും നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടേയും കൂടി വിജയമാണെന്ന് താരം പറഞ്ഞു. മരക്കാറെന്ന സിനിമയുടെ വിജയം ദേശസ്‌നേഹത്തിന്റെ കൂടി വിജയമാണ്. ഈ ചിത്രത്തിന് പ്രേക്ഷകർ ഓരോരുത്തരും നൽകുന്ന സ്‌നേഹവും സഹകരണവും തുടർന്നും ഉണ്ടാകണമെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.
‘മരക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി… ഈ വിജയം നാടിനെ സ്‌നേഹിക്കുന്നവരുടേയും നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടേയും കൂടി വിജയമാണ്. രാജ്യാതിർത്തി കടന്ന് നമ്മുടെ ഭാഷയിലൊരു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയ്‌ക്കുക എന്ന വലിയ യജ്ഞത്തിന്റെ ഫലസമാപതി കൂടിയാണ് ഈ വിജയം. നമ്മളെല്ലാവരും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതിന് പിന്നിൽ ജീവത്യാഗം ചെയ്ത അനേകം വലിയ മനുഷ്യരുണ്ടെന്ന ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ സിനിമ. മരക്കാർ സിനിമയുടെ വിജയം നമ്മുടെ ദേശസ്‌നേഹത്തിന്റെ കൂടി വിജയമാണ്.
ഈ ചിത്രത്തിന് നിങ്ങൾ ഓരോരുത്തരും നൽകുന്ന സ്‌നേഹവും സഹകരണവും തുടർന്നും ഉണ്ടാകണം. നിർമ്മാണ ചെലവ് കാരണം വലിയ ചിത്രങ്ങൾ മലയാളത്തിൽ വല്ലപ്പോഴും മാത്രമെ സംഭവിക്കാറുള്ളൂ. ഇനിയും ഒരുപാട് വലിയ വലിയ സിനിമകൾ മലയാളത്തിലുണ്ടാകണം. അത് ലോകത്തിന് മുന്നിൽ പ്രദർശിക്കപ്പെടണം.. ഇതൊക്കെ ആഗ്രഹങ്ങളാണ്. അതിന് പ്രിയപ്പെട്ട പ്രേക്ഷകരുടെ പിന്തുണ ഉണ്ടായേ തീരു. ദൗർഭാഗ്യവശാൽ ഈ സിനിമയുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അറിഞ്ഞോ അറിയാതെയോ ഇത്തരം കോപ്പികൾ കാണരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുമെന്നുമുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. കൊറോണയക്ക് ശേഷം ഉണർന്ന സിനിമാ വ്യവസായത്തെ തരകർക്കുന്ന ഈ പ്രവണതയ്‌ക്കെതിരെ നിങ്ങളും അണിചേരുക. ഒരുപാട് പേരുടെ സ്വപ്‌നമാണ് സിനിമാ വ്യവസായം. പൈറസിയെന്ന നിയമകുരുക്കിൽ നിങ്ങൾ പെട്ടുപോകരുതെന്ന് ഒരുക്കൽകൂടി അഭ്യർത്ഥിക്കുന്നു.
മൂന്ന് വർഷത്തോളമെടുത്തു സിനിമ തീയേറ്ററിൽ പ്രദർശിപ്പിക്കാൻ. ഒരുപാട് അനാവശ്യ കമന്റുകളുണ്ടായി ആദ്യ കാലത്ത്. എന്നാൽ അതൊക്കെ മാറി. കാർമേഘമൊക്കെ മാറി സൂര്യൻ കത്തി നിൽക്കുന്ന പോലെ ആ സിനിമ മാറിയെന്നാണ് എന്റെ പ്രതീക്ഷ. കാരണം ആ സിനിമ കാണുന്ന ആർക്കും സിനിമയെ കുറ്റംപറയാനാകില്ല. ഒരുപാട് പേർ ജോലി ചെയ്യുന്ന ഇടമാണ് സിനിമ വ്യവസായം. സിനിമയെ സ്‌നേഹിക്കുന്നവർ ഇതിനായി അണിചേരുമെന്ന് വിശ്വസിക്കുന്നു. ഒരിക്കൽകൂടി എല്ലവർക്കും നന്ദി വീണ്ടും വരാം പുതിയ കാര്യങ്ങളുമായി…’ എന്ന് മോഹൻലാൽ പറഞ്ഞു.