ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ലോകായുക്ത റിപ്പോർട്ടിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയെ സമീപിക്കും.
ഇതിനായി അദ്ദേഹം നിയമ വിദഗ്ദ്ധരുമായി ആലോചന തുടങ്ങി. അവധിക്കാല ബെഞ്ചിന് മുന്നിൽ ഹർജി എത്തിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. അടിയന്തര പ്രധാന്യത്തോടെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും.
അതേ സമയം നിയമപരമായും ധാർമികമായും മന്ത്രി കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്തയുടെ റിപ്പോർട്ടെന്നാണ് നിയമവിദഗ്ധർ പറയുന്നത്. അഴിമതിനിരോധനത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടേതാണ് റിപ്പോർട്ടെന്നത് ഗൗരവം വർധിപ്പിക്കുകയാണ്. വെറുതേയുള്ള കണ്ടെത്തലല്ല ലോകായുക്ത നടത്തിയിരിക്കുന്നത്. മറിച്ചൊരു പ്രഖ്യാപനമാണെന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.