ബിവറേജസ് കോര്‍പറേഷന്‍ ഔട്‌ലെറ്റിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് മദ്യത്തിന്റെ വിലവിവരങ്ങളും സ്‌റ്റോക്കിന്റെ കണക്കും ഇനി കൗണ്ടറിന് പുറത്തുളള ഇലക്‌ട്രോണിക് സ്‌ക്രീനിലൂടെ അറിയാം.
മദ്യഷോപ്പിലെ ജീവനക്കാര്‍ മദ്യനിര്‍മാണ കമ്ബനികള്‍ക്ക് താല്‍പര്യമുളള ബ്രാന്‍ഡുകള്‍ മാത്രം വില്‍ക്കുന്നത് തടയാനാണ് സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നത്. സ്‌ക്രീന്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുളള മദ്യം തെരഞ്ഞെടുക്കാന്‍ സാധിക്കും.
സംസ്ഥാനത്തെ മുഴുവന്‍ മദ്യ ഷോപ്പുകളിലും സ്‌ക്രീനുകള്‍ സ്ഥാപിക്കാനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് ബിവറേജസ് കോര്‍പറേഷന്‍ എംഡി ശ്യാം സുന്ദര്‍ പറഞ്ഞു.
ബാറുകള്‍ക്ക് ഇഷ്ടമുള്ള മദ്യം വാങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനവും ഉടന്‍ തുടങ്ങും. മദ്യം വാങ്ങാനെത്തുന്ന ബാറുകാര്‍ക്ക് വെയര്‍ഹൗസ് ജീവനക്കാര്‍ അവര്‍ക്കിഷ്ടമുളള ബ്രാന്‍ഡുകള്‍ മാത്രമാണ് വില്‍ക്കുന്നതെന്ന പരാതി ഉയര്‍ന്നിരുന്നു.
ഇത് പരിഹരിക്കാനാണ് ഓണ്‍ലൈന്‍ സംവിധാനമൊരുക്കുന്നത്. വെയര്‍ഹൗസുകളില്‍ ലഭ്യമായ മദ്യത്തിന്റെ വിവരം ഓണ്‍ലൈനില്‍ കാണാനാകും. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ബ്രാന്‍ഡ് തിരഞ്ഞെടുത്ത് ഓണ്‍ലൈനിലൂടെ ടോക്കണെടുത്ത് മദ്യം കൊണ്ടുപോകാം.
മദ്യം വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പരിഷ്‌ക്കരിക്കാനും കോര്‍പറേഷന്‍ തീരുമാനിച്ചു. ടെന്‍ഡറെന്ന പേരില്‍ മദ്യ കമ്ബനികള്‍ നിശ്ചയിച്ച വിലക്ക് മദ്യം വാങ്ങുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ കമ്ബനികള്‍ വില്‍ക്കുന്ന വില പരിശോധിച്ച് ഇതേ വിലയ്ക്കു കേരളത്തില്‍ വില്‍ക്കണമെന്ന് നിര്‍ദേശം നല്‍കുമെന്നും എംഡി എസ് ശ്യാം സുന്ദര്‍ പറഞ്ഞു.