തിരൂർ: തിരൂർ സ്വദേശിയായ ഭാര്യയുടെ ആഭരണവുമായി മുങ്ങി വേറെ വിവാഹം കഴിച്ചു 8 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ തൃപ്രങ്ങോട് കള്ളിയത്ത് അബ്ദുൽ സലീമിനെയാണ് പൊലീസ് ഇൻസ്പെക്ടർ പി.അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതി മൊടപ്പൊയ്കയിൽ നിന്നു വിവാഹം കഴിച്ച ശേഷം ഭാര്യയുടെ സ്വർണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു. മറ്റൊരു വിവാഹം കഴിച്ച് പൊന്നാനി ഭാഗത്താണ് ഒളിവിൽ താമസിച്ചിരുന്നത്.
പൊലീസുകാരായ സുനു നൈനാൻ, റിയാസ് ചീനി, എം.എസ്.അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.