പിറവം ഓണക്കൂർ പാലത്തിനു സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ആർട്ടിസ്റ്റ് മരിച്ചു. കാക്കൂർ പാണ്ടിപ്പിള്ളിൽ പി.യു.ഏലിയാസ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30 ഓടെ ഓണക്കൂർ പാലത്തിന് സമീപം ആയിരുന്നു അപകടം. പരസ്യ കലാരംഗത്ത് പ്രവർത്തിക്കുന്ന ഏലിയാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുവരെഴുത്ത് ജോലിക്ക് ശേഷം പിറവത്ത് നിന്നും കാക്കൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിന് പിന്നിൽ യാത്രചെയ്തിരുന്ന കാക്കൂർ പുൽപ്പറ മോളേൽ സാജുവിനെ സാരമായ പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.