ഫെയ്സ്ബുക്കിലൂടെ സൗഹൃദത്തിലായ യുവതി ബീയറിൽ ലഹരിമരുന്നു ചേർത്തു നൽകി അഞ്ചര പവൻ സ്വർണാഭരണങ്ങൾ കവർന്നെന്നു യുവാവിന്റെ പരാതി. തുറവൂർ കുത്തിയതോട് സ്വദേശിയായ യുവാവാണു ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ 13 ന് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി, യുവാവിന്റെ ജൂനിയറായി സ്കൂളിൽ പഠിച്ചതാണെന്നും ചെന്നൈയിൽ ഐടി കമ്പനിയിലാണ് ജോലിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. 18നു ചെങ്ങന്നൂരിൽ വന്നാൽ കാണാമെന്നും അറിയിച്ചു. ഇതനുസരിച്ച് ഒരു മണിയോടെ ചെങ്ങന്നൂരിൽ എത്തിയ യുവാവിനോട് ആശുപത്രി ജംക്‌ഷനു സമീപമുള്ള ലോഡ്ജിലാണു താനെന്നും അവിടേക്കു വരാനും ഫോണിൽ നിർദേശിച്ചു. മുറിയിലെത്തിയ തനിക്കു യുവതി ബീയർ നൽകിയതായും കുടിച്ച ശേഷം ഉറങ്ങിപ്പോയതായും യുവാവ് പറയുന്നു
രാത്രി പത്തോടെ ലോഡ്ജ് ജീവനക്കാരെത്തി വിളിച്ചപ്പോഴാണ് യുവാവിന് ബോധം തെളിഞ്ഞത്. ഇതിനകം യുവതി സ്ഥലംവിട്ടു. യുവാവിന്റെ മൂന്നു പവൻ സ്വർണമാലയും ഒന്നര പവൻ തൂക്കം വരുന്ന കൈച്ചെയിനും ഒരു പവന്റെ മോതിരവും മൊബൈൽ ഫോണും നഷ്ടമായി. യുവതി വിളിച്ച ഫോൺ നമ്പറിലുള്ള വിലാസം മുളക്കുഴ സ്വദേശിനിയുടേതാണെന്നും യുവതി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്നും സിഐ: ഡി.ബിജുകുമാർ പറഞ്ഞു.
അതേസമയം ദമ്പതികളെന്നു പറഞ്ഞ് ഒരു യുവാവും യുവതിയും ചേർന്നാണു മുറിയെടുത്തതെന്നും ഈ യുവാവ് പുറത്തു പോയ സമയത്താണ് തുറവൂർ സ്വദേശി ലോഡ്ജിലെത്തിയതെന്നും ലോഡ്ജ് ഉടമ പൊലീസിനു മൊഴി നൽകി. ഇന്നലെ ആലപ്പുഴയിൽ നിന്നു വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും ലോഡ്ജിലെത്തി തെളിവെടുപ്പു നടത്തി.