കോട്ടയം :ആരോഗ്യ സർവ്വകലാശാലയുടെ(തൃശൂർ) ബി.സി.വി.റ്റി (ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി) കോഴ്സിന്റെ ആദ്യ നാലു റാങ്കും കോട്ടയം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾക്ക്. ഒന്നാം റാങ്ക്, കൊല്ലം കടക്കൽ എസ്.ആർ. മൻസിൽ, മുഹമ്മദ് റാഫ്- ഷൂജ ബീഗം ദമ്പതികളുടെ മകൾ എം.രഹ്നക്ക് ലഭിച്ചു.
രണ്ടാം റാങ്ക്, ചേർത്തല വടുതല ബിസ്മി മൻസിൽ ഷാദ് ലിയുടേയും ഐഷയുടേയും മകൾ ഷഫീല.പി.എസിനും, മൂന്നാം റാങ്ക്, മലപ്പുറം പെങ്ങാട് കൊട്ടുവാന്തറ, മുഹമ്മദ് കുട്ടി നജ്മുന്നീസ എന്നിവരുടെ മകൾ ഫാത്തിമ തസ്നീമിനും ലഭിച്ചു. മലപ്പുറം പെരിങ്കാവ് കളരിയിൽ ജയഫർ ബീവിക്കുട്ടിയുടെ മകൾ ഹിബ ഷെറിൻ വി.കെ ക്ക് ആണ് നാലാം റാങ്ക്.
കേരളത്തിൽ ഏറ്റവും കൂടുതൽ ആൻറിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സ നൽകുന്നതുൾപ്പെടെ മികച്ച ചികിത്സ നൽകുന്ന കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിന് ലഭിച്ച മറ്റൊരു അംഗീകാരം കൂടിയാണിത് .
ചികിത്സക്കൊപ്പം, മികച്ച രീതിയിലുള്ള വിദ്യാഭ്യാസ നേട്ടം ഉണ്ടാക്കാൻ സാധിക്കുന്നത് അഭിമാനാർഹമാണെന്നും, കഴിഞ്ഞ വർഷം കോളജിന് മൂന്നു റാങ്കുകൾ ലഭിച്ചിരുന്നുവെന്നും കാർഡിയോളജി മേധാവി ഡോ.വി.എൽ ജയപ്രകാശ് പറഞ്ഞു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ സർക്കാർ മെഡിക്കൽ കോളജുകളിലും, ഏറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓരോ മെഡിക്കൽ കോളജുകളിലുo മാത്രമാണ് ഈ കോഴ്സുള്ളത്.