ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ബിശ്വാസ് മേത്തയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെന്നും ജലവിഭവ വകുപ്പിന്റെ പദ്ധതികളിൽ ചില വിദേശ കൺസൾട്ടൻസി കമ്പനികളെ നിയോഗിക്കുന്നതിന് ബിശ്വാസ് മേത്ത നടത്തിയ ക്രമവിരുദ്ധവും ദുരൂഹവുമായ നീക്കത്തിനെതിരെ താൻ തന്നെ വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.
മുഖ്യ വിവരാവകാശ കമ്മിഷണർ എന്ന ഉന്നത പദവിക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത് ആദർശ ശുദ്ധിയും പ്രതിബദ്ധതയും സത്യസന്ധതയും പുലർത്തുന്ന കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിരിക്കണമെന്നിരിക്കെ ബിശ്വാസ് മേത്തയെ പോലെ അഴിമതിയാരോപണങ്ങളുടെ നിഴലിൽ നിൽക്കുന്ന ഒരാളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് ശരിയായില്ലെന്ന് ചെന്നിത്തല കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഐശ്വര്യ കേരള ജാഥക്കിടയിലാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കേണ്ടി വന്നത്. എന്നാൽ നെറ്റ് വർക്കിലെ തകരാറും അവ്യക്തതയും കാരണം പറയുന്നത് കേൾക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ തന്റെ അഭിപ്രായം പൂർണ്ണമായി രേഖപ്പെടുത്താനായില്ല. എന്നാൽ ഇന്ന് മാധ്യമങ്ങളിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് തെറ്റായ വാർത്ത കണ്ടു. അതിനാലാണ് രേഖാമൂലം എതിർപ്പ് അറിയിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.