ബലാത്സംഗ ദൃശ്യങ്ങൾ ചിത്രീകരിച്ച് വിൽപ്പന നടത്തിയ പ്രതികൾ പിടിയിൽ
ലഖ്നൗ: ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ബലാത്സംഗ വീഡിയോ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബദ്വാനിൽ ആണ് സംഭവം. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബദ്വാനിലെ ഒരു വയലിൽവെച്ചാണ് 30 വയസ്സുകാരിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ബലാത്സംഗത്തിന്റെ നിരവധി വീഡിയോ ക്ലിപ്പുകളാണ് ഇത്തരത്തിൽ പകർത്തിയത്. സംഭവത്തിൽ പരാതി നൽകിയാൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഇവർ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീഡിയോ പ്രചരിപ്പിക്കുമെന്ന ഭയത്താൽ യുവതി ബലാത്സംഗത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ നാട്ടിലെ യുവാക്കൾക്കിടയിൽ ബലാത്സംഗത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളായ ആൺകുട്ടികൾ ഓരോ വീഡിയോ ക്ലിപ്പിനും 300 രൂപ വീതം ഈടാക്കി വിൽപ്പന നടത്തിയെന്നും യുവതിയുടെ പരാതിയിൽ ആരോപണമുണ്ട്. സംഭവത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. ഫോണിൽനിന്ന് കണ്ടെടുത്ത വീഡിയോ മാസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ചതാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.