തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കിനിൽക്കെ ബജറ്റ് പ്രഖ്യാപനത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് കേരള സർക്കാർ നടത്തിയതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ.
നടപ്പിലാക്കാൻ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഐസക് നടത്തിയിട്ടുള്ളത്.
കാലാവധിയില്ലാത്ത സർക്കാർ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു സമീപനമാണ് ബജറ്റിന്റെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളതെന്നും മുരളീധരൻ പറഞ്ഞു.
ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ് ഒരു വർഷത്തേക്കുള്ള ബജറ്റ് അവതരണത്തിലൂടെ നടത്തിയിട്ടുളളത്.
വരാൻ പോകുന്ന സർക്കാരിനാണ് ഈ വർഷത്തിന്റെ ഭൂരിഭാഗം കാലാവധി എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം.
ആ അധികാരം തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയ്ക്ക് നൽകാതെ ഒരു വർഷത്തേക്കുള്ള ബജറ്റ് എന്ന് പറഞ്ഞ് നടത്തിയത് ജനാധിപത്യ പ്രക്രിയയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ മാനിഫെസ്റ്റോ പ്രഖ്യാപിക്കാനുള്ള വേദിയാക്കി കേരള നിയമസഭയെ മാറ്റിയത് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന സർക്കാരാണിത്. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് കേരളം. 2019-20 ജനുവരി വരെ കേരളത്തിൽ കർഷകരും കർഷത്തൊഴിലാളികളുമായിട്ടുള്ള 211 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിനെ കുറിച്ച് ബജറ്റിൽ എന്ത് പരാമർശം നടത്തി എന്നു പറയണം.
താങ്ങുവില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ കാലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള താങ്ങുവില എത്ര കർഷകന് നൽകി എന്ന് വ്യക്തമാക്കണം.
ബജറ്റിന്റെ എട്ട് ശതമാനം ആരോഗ്യമേഖലയ്ക്ക് വേണ്ടി നീക്കിവെക്കണമെന്നാണ് ദേശീയ ആരോഗ്യനയം. എന്നാൽ കേരളത്തിൽ നാല് ശതമാനം മാത്രമേ ഇതിനായി നീക്കിവെച്ചിട്ടുള്ളൂവെന്നും മുരളീധരൻ പറഞ്ഞു.