ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻ്റിലായിരുന്ന മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീൻ ജയിൽ മോചിതനായി. 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു ഖമറുദ്ദീൻ. മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് എംഎല്‍എ പുറത്തിറങ്ങിയത്. എല്ലാകർക്കും നന്ദിപറഞ്ഞ് പുറത്തേക്ക് വന്ന ഖമറുദ്ദീൻ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി. കേസിന് പിന്നിൽ ഗൂഢാലോചന ആയിരുന്നു. തന്നെ പൂട്ടുക ആയിരുന്നു അവരുടെ ലക്ഷ്യം അതവർ നിറവേറ്റി, ഖമറുദ്ദീൻ പറഞ്ഞു. തട്ടിപ്പ് കേസിൽ പ്രതിയാക്കിയവർക്ക് കാലം മാപ്പ് നൽകില്ല. കാഞ്ഞങ്ങട് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. അതിൻ്റെ വിശദ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും ഖമറുദ്ദീൻ പറഞ്ഞു. 45 വർഷത്തെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തെ കളങ്കപ്പെടുത്തുക ആയിരുന്നു ലക്ഷ്യം. അതിനു പിന്നിൽ സ്വന്തം പാർട്ടിക്കാർ ഉണ്ടോ എന്ന് പറയണ്ട സമയത്ത് പറയും. മഞ്ചേശ്വരത്ത് ഭൂരിപക്ഷം കൂടിയപ്പോൾ മുതൽ ആണ് ഗൂഢാലോചന തുടങ്ങിയത്. രാഷ്ട്രീയകാർ തെങ്ങ് കയറ്റക്കാരെ പോലെ ആണ്, കയറ്റവും ഇറക്കവും ഉണ്ടാകും. വീണ്ടും മത്സരിക്കുമോ എന്ന് ഇപ്പോൾ പറയാൻ ആവില്ലെന്നും ഖമറുദ്ദീൻ പറഞ്ഞു.