പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,097 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട ബ്രസീലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പുതിയ കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. അമേരിക്കയിൽ ഏപ്രിൽ ഒന്നിന് റിപ്പോർട്ട് ചെയ്യപ്പെട്ടതാകട്ടെ 77,718 പുതിയ കേസുകളും.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. അന്നു മുതൽ ഇന്നേവരെ 1,23,03,131 പേർക്ക് കൊറോണ വൈറസ് ബാധിച്ചു. അമേരിക്കയിൽ ആദ്യ കേസ് റിപ്പോർട്ടു ചെയ്യപ്പെട്ടത് കഴിഞ്ഞ വർഷം ജനുവരി 22-നാണ്. പിന്നീട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30,538,427 ആയി വർധിച്ചു. എന്നാൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ബ്രസീലിനും അമേരിക്കയ്ക്കും പിന്നിൽ മൂന്നാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ആകെ കോവിഡ് മരണങ്ങളുടെ കാര്യത്തിൽ അമേരിക്കയ്ക്കും ബ്രസീലിനും മെക്സിക്കോയ്ക്കും പിന്നാലെ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.