വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രക്ക് കത്ത് നൽകി.
തിരഞ്ഞെടുപ്പ് ഡ്യുട്ടിയിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്തതിൽ വൻ ക്രമക്കേടാണ് നടന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദവിവരം പുറത്ത് വിടണമെന്നാണ് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പോസ്റ്റൽ ബാലറ്റ് ലഭിച്ചവരുടെയും പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങളും പുറത്ത് വിടണം. അതോടൊപ്പം റിട്ടേണിംഗ് ഓഫീസർമാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റൽ വോട്ടുകളുടെയും ബൂത്ത് തലത്തിലുള്ള വിവരങ്ങളും പുറത്ത് വിടണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
80 വയസുകഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് ഏത്ര പോസ്റ്റൽ ബാലറ്റുകളാണ് വിതരണം ചെയ്തത്, അവയിൽ എത്ര എണ്ണം ബാക്കിയായി റിട്ടേണിംഗ് ഓഫീസർമാരുടെ കൈവശം ഇരിപ്പുണ്ട് എന്നിവയുടെ വിശദ വിവരങ്ങളും ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെടുന്നു.