പോളിയോ വാക്സിന് വിതരണം ആരംഭിച്ചു
കോട്ടയം: ജില്ലയില്‍ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു. 1307 വിതരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അഞ്ചു വയസില്‍ താഴെയുള്ള 1,11,071 കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ഇന്ന് വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് നാളെയും ചൊവ്വാഴ്ച്ചയും ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി നൽകും. ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആര്.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിത്താര, കോട്ടയം സതേണ്‍ റോട്ടറി ക്ലബ് പ്രസിഡന്റ് സണ്ണി സി. വര്‍ഗീസ്, ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്റോ ലാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.