തേഞ്ഞിപ്പലം: പൊലീസ് ചമഞ്ഞെത്തിയ സംഘം ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന 11,40,000 രൂപ തട്ടിയെടുത്തു. ചേളാരിക്കടുത്ത് പാണമ്പ്രയില്‍ കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയാണ് സംഭവം. ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി കാളാത്ത് മുഹമ്മദ് കോയയുടെ (51) പണമാണ് കവർന്നത്. തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ചെമ്മാട് ആലിന്‍ചുവട് സ്വദേശി മുബാറക്കിന് കൈമാറാൻ കൊണ്ടുപോയ പണമാണ് നഷ്ടമായതെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്ത ശേഷം പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പണവും ബൈക്കും കസ്റ്റഡിയില്‍ എടുക്കുകയാണെന്ന വ്യാജേന കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.
വിസമ്മതിച്ചപ്പോൾ ബലപ്രയോഗത്തിലൂടെ ബൈക്കും പണവും തട്ടിയെടുത്തു. കവര്‍ച്ചക്ക് പിന്നില്‍ കുഴല്‍പണ മാഫിയ സംഘമാണെന്ന സംശയത്തിലാണ് പൊലീസ്. മുഹമ്മദ് കോയ നേരത്തേയും ആലിന്‍ചുവട് സ്വദേശിക്ക് ലക്ഷങ്ങള്‍ കൈമാറിയതായി കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഇയാള്‍ക്കെതിരേയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
തട്ടിയെടുത്ത ബൈക്ക് പിന്നീട് രാമനാട്ടുകരയില്‍ നിന്ന് കണ്ടെത്തി. കാറിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പരിശോധനയില്‍ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി. തേഞ്ഞിപ്പലം സി.ഐ എന്‍.ബി. ഷൈജു, എസ്ഐ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.