പൊന്നാനി: ഹാർബർ പ്രദേശം നികത്താനായി പുഴയിൽനിന്ന് ഖനനം ചെയ്തെടുത്ത 30,000 ടൺ മണൽ കാണാനില്ല. നഷ്ടപ്പെട്ടത് സർക്കാർ കണക്കനുസരിച്ച് 6 കോടി രൂപ വിലവരുന്ന വൻ മണൽ ശേഖരം. മണൽ പോയ വഴി അറിയില്ലെന്ന് ഉദ്യോഗസ്ഥരും പറയുന്നു. ഖനനം ചെയ്ത മണൽ അളന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഖനനത്തിനു മുൻപും ശേഷവും ഹാർബറിലെ മണൽ ശേഖരത്തിൽ വർധനയുണ്ടായില്ലെന്നും കാണിച്ച് പോർട്ട് കൺസർവേറ്റർ, കോഴിക്കോട് പോർട്ട് ഓഫിസർക്ക് അയച്ച കത്ത് ലഭിച്ചു.
പൊന്നാനി ഹാർബർ പ്രദേശത്ത് 2018 സെപ്റ്റംബറിൽ നടന്ന മെക്കാനിക്കൽ ഡ്രജിങ്ങിന്റെ ഭാഗമായി പുറത്തെടുത്ത മണലാണ് അപ്രത്യക്ഷമായത്. ഹാർബർ പ്രദേശത്ത് ബോട്ടുകൾ നങ്കൂരമിടുന്ന ഭാഗത്തുനിന്ന് മൂന്നര മീറ്ററോളം ആഴത്തിൽ മണലെടുത്തിരുന്നു. കരാറുകാരൻ നൽകിയ ബില്ല് പാസാക്കുന്നതിനു മുന്നോടിയായി പോർട്ട് കൺസർവേറ്റർ നടത്തിയ പരിശോധനയിലാണ് ഈ മണൽ ഹാർബർ പരിസരത്തില്ലെന്നു മനസ്സിലായത്. 2010ൽ നടന്ന മണൽ ഖനനത്തിന്റെ ഭാഗമായി 60,000 ടൺ മണൽ ഹാർബർ പ്രദേശത്ത് കൂട്ടിയിട്ടിരുന്നു.
ഈ മണൽ ശേഖരത്തിന്റെ മുകളിലേക്കും ഹാർബറിന്റെ മറ്റ് ഭാഗത്തുമായാണ് 2018ൽ നടന്ന ഖനനത്തിന്റെ ഭാഗമായി പുറത്തെടുത്ത മണൽ കൂട്ടിയിട്ടിരുന്നതെന്നാണ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിവരം. എന്നാൽ, ഹാർബറിലെ പഴയ മണൽ ശേഖരത്തിൽ ഒരു വർധനയും തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് പൊന്നാനി പോർട്ട് കൺസർവേറ്റർ പോർട്ട് ഓഫിസർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. 3 വർഷം മുൻപ് നടന്ന ഡ്രജിങ്ങിൽ പുറത്തെടുത്ത മണൽ എവിടെപ്പോയെന്ന ചോദ്യമാണ് ഉയരുന്നത്. വ്യക്തമായ ഉത്തരം നൽകാൻ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല