കാസർകോഡ്: പെരിയ കേസിൽ മുൻ ഉദുമ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതി ചേർത്തു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കുഞ്ഞിരാമൻ. പ്രതികൾക്ക് വേണ്ട സഹായം ചെയ്‌തു കൊടുത്തത് കുഞ്ഞിരാമനാണെന്നാണ് സിബിഐ കണ്ടെത്തൽ. ഇരുപത്തൊന്നാം പ്രതിയായിട്ടാണ് അദ്ദേഹത്തെ പട്ടികയിൽ ചേർത്തിരിക്കുന്നത്. പുതുതായി 10 പേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചു പേരെയും റിമാൻഡ് ചെയ്തു.
അഞ്ചുപേരും ഗൂഢാലോചനയിൽ നേരിട്ട് പങ്കുള്ളവരാണെന്നാണ് സിബിഐ കണ്ടെത്തൽ. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രൻ, ശാസ്ത മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങൾ പ്രതികൾക്ക് കൈമാറുക, ആയുധങ്ങൾ സമാഹരിച്ചു നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തി കൊടുത്തു തുടങ്ങിയ കുറ്റങ്ങൾ പ്രതികൾ ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ