പൂഞ്ഞാറിൽ വീണ്ടും തെരുവുനായ ആക്രമണം
കോട്ടയം: പൂഞ്ഞാർ മേഖലയിൽ തെരുവുനായ ശല്യം വർധിക്കുന്നു. തെക്കേക്കര പഞ്ചായത്തിൽ നിരവധി പേരെ നായ ആക്രമിച്ചു. കടൂപ്പാറയിൽ പുതുവീട്ടിൽ വിജയന്റെ വീട്ടിൽ ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ എത്തിയ പട്ടി വിജയനെ തലയിലും നെഞ്ചിലും കടിച്ചു കീറി. പിന്നീട് സമീപത്തെ വീട്ടിലെത്തിയ നായയെ വീട്ടുകാർ ഓടിച്ചു. പിന്നീട് വളതൂക്കിൽ എത്തിയ നായ കൃഷിഭവന് സമീപമുള്ള വീട്ടിലെ യുവതിയെയും കടിച്ചു. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി കുത്തിവയ്പ്പ് എടുത്ത ശേഷം വീട്ടിൽ തിരിച്ചെത്തി. നായയ്ക്ക് പേയുണ്ടോയെന്നും ആശങ്ക പരക്കുന്നുണ്ട്. നിരവധി ആളുകൾക്ക് നായയുടെ കടി കിട്ടിയതായാണ് വിവരം. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പത്തിലധികം പേർക്ക് നായയുടെ കടിയേറ്റിരുന്നു.