പട്ടാപകൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ തെളിവെടുപ്പ് നടത്തി. പിറവം പോലീസ് സ്റ്റേഷന് സമീപം വട്ടപ്പറമ്പിൽ കെ.പി ശ്യാമളകുമാരി ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതി കക്കാട് സ്വദേശി ശിവരാമൻ ഇന്നലെ തന്നെ പോലീസിൽ കീഴടങ്ങിയിരുന്നു.
സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് കാരണമായി സംശയിക്കുന്നത്.
വീട്ടിനുള്ളിൽ പിടിവലി നടന്ന ലക്ഷണങ്ങൾ ഉണ്ട്. ശ്യാമളയുടെ മൃതദേഹം വീടിന്റെ പുറകുവശത്താണ് കണ്ടത്. ശ്യാമളയെ വെട്ടിയശേഷം അവരുടെ ഫോണിൽ നിന്നും ശിവരാമൻ ശ്യാമളയുടെ മകളെ വിളിച്ച് വിവരം പറയുകയായിരുന്നു.
വിവരമറിഞ്ഞ് ശ്യാമളയുടെ മകൻ വീട്ടിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കഴുത്തിൽ ആഴത്തിൽ വേട്ടേറ്റിരുന്നു.
തലയും ഇടത് കൈത്തണ്ടയും വേർപെടാറായ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.
പ്രതിയെ വീട്ടിലും കൃത്യം നടത്താൻ ഉപയോഗിച്ച വാക്കത്തി വാങ്ങിയ പിറവം മാർക്കറ്റിനുള്ളിലെ കടയിലും തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, പിറവം സി ഐ ഇ.എസ് സാംസൺ, എസ്. ഐ മാരായ കെ.എസ് ബിനു, കെ.വി ദിനേശൻ, എ എൻ.സാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണമാരംഭിച്ചിരുന്നു. ആലുവയിൽ നിന്നുമുള്ള വിരലടയാള വിദഗ്തൻ പി.എൽ അഭിലാഷ്, ഫോറൻസിക് വിദഗ്ത അനു ഫിലിപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പോസ്റ്റൽ ജീവനക്കാരനായിരുന്ന പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യയാണ് ശ്യാമളകുമാരി.
ദേഹപരിശോധന നടപടികൾക്കായി കളമശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയ ശേഷം സംസ്കാരം നടത്തി.