തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന നിലയിലാണ് സമരം നടക്കുന്നത്. സമരക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അക്രമ സമരത്തിന്റെ പന്തല്‍ കെട്ടിയിരിക്കുകയാണെന്നും വിജയരാഘവന് പറഞ്ഞു.
മൂന്ന് ലക്ഷം താലക്കാലികക്കാരെ സ്‌ഥിരപ്പെടുത്തിയെന്നാണ് ചെന്നിത്തല കള്ളം പറയുന്നത്. അങ്ങിനെയെങ്കിൽ ചെന്നിത്തല ആ കണക്ക് പുറത്തുവിടണം. ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കുള്ള ജാഥയാണ് ചെന്നിത്തല നടത്തുന്നത്. മലബാർ കഴിഞ്ഞതോടെ ആ കളിയാണ് ചെന്നിത്തല നടത്തുന്നത്. പിഎസ്‌സി വിഷയത്തിൽ സർക്കാരിനെതിരെ അക്രമസമരം അഴിച്ചുവിടുകയാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും . സർക്കാരിന് നിയമപരമായും ഭരണഘടനാപരമായും മാത്രമേ പ്രവർത്തിക്കാനാകൂ. ഇതെല്ലാം ജനം കാണുന്നുണ്ട്.
വികസനത്തിന്റെ വേഗത തടയാനാണ് അവരുടെ ശ്രമം. പരമാവധി ആളുകൾക്ക് ജോലി നൽകിയ സർക്കാരാണിത്. ഈ സർക്കാർ കൈക്കൂലി വാങ്ങി റാങ്ക് ലിസ്‌റ്റ് നീട്ടിയിട്ടില്ല. ആറുമാസം മുന്പ് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്‌റ്റിലുള്ളവരാണ് സമരം ചെയ്യുന്നത്. ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോൺഗ്രസ്.
കോൺഗ്രസിന് എവിടെയാണ് രാഷ്‌ട്രീയ മൂലബോധമോ കാഴ്‌ചപാടോ ഉള്ളത്. അധികാരങ്ങൾ വീതംവെച്ച് എടുക്കലാണ് അവിടെ നടക്കുന്നത്. വിമോചന സമരത്തിലൂടെ വന്ന നേതാക്കളല്ലേ അവർക്കുള്ളത്. ആറ് ദശകമായി അവർ തുടരുകയാണ്. പിന്നെയുള്ളത് അവരുടെ പെട്ടിയെടുപ്പുകാരും. വേറൊരു നേതൃത്വം അവർക്കുണ്ടോ. വ്യത്യസ്‌ത വർഗീയതകളുമായി സന്ധിചെയ്‌ത് അഴിമതിയെ വളർത്തുന്ന രാഷ്‌ട്രീയത്തിനാണ് കോൺഗ്രസ് നോക്കുന്നത്. അവരവരുടെ സ്‌ഥാനങ്ങൾ നിലനിർത്താൻ അവസരവാദ രാഷ്‌ട്രീയം കളിക്കുകയാണ്. എന്നിട്ട് വലിയ മാന്യൻമാരായി നടക്കുകയാണ്.